പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എവർട്ടണും ലീഡ്സ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.
ഇന്ന് എലെൻ റോഡിൽ ആവേശകരമായ മത്സരം തന്നെയാണ് കാണാൻ ആയത്. ബിയെൽസയുടെയും റാഫാ ബെനിറ്റസിന്റെയും തന്ത്രങ്ങൾ ഒപ്പത്തിനൊപ്പം നിൽക്കുക ആയിരുന്നു. സന്ദർശകരായ എവർട്ടൺ ആണ് ഇന്ന് ആദ്യം ഗോൾ നേടിയത്. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ. കാൾട്ടൺ ലൂയിസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഇതിന് മറുപടി നൽകാൻ ലീഡ്സിനായി. 41ആം മിനുട്ടിൽ ബാംഫോർഡിന്റെ അസിസ്റ്റിൽ നുന്ന് ക്ലിച് ആണ് ലീഡ്സിന് സമനില നൽകിയത്.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ ആയത്. 50ആം മിനുട്ടിൽ എവർട്ടന്റെ പുതിയ സൈനിംഗ് ഗ്രേ എവർട്ടണെ വീണ്ടും മുന്നിൽ എത്തിച്ചു. ഇത്തവണ ഡൊകോറെയുടെ പാസ് സ്വീകരിച്ച മുന്നേറി കൊണ്ടായിരുന്നു ഗ്രേയുടെ ഗോൾ. പരാജയം ഒഴിവാക്കാൻ പൊരുതിയ ലീഡ്സ് 73ആം മിനുട്ടിൽ വീണ്ടും സമനില കണ്ടെത്തി. ഇത്തവണ മനോഹരമായ ഒരു ഇടം കാലൻ ഫിനിഷിലൂടെ ബ്രസീലിയൻ താരം റഫീനയാണ് ലീഡ്സിന്റെ രക്ഷയ്ക്ക് എത്തിയത്.
ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ലീഡ്സിന് ഇത് സീസണിലെ ആദ്യ പോയിന്റാണ്.