ഏഴു ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ബേൺമൗത്തിനെ കീഴടക്കി ലീഡ്സ്. ലീഡ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ വിജയം കണ്ടെത്തിയത്. ലീഡുകൾ മാറി മറിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും ഇടതടവില്ലാതെ ഗോൾ കണ്ടെത്തിയപ്പോൾ മികച്ചൊരു ത്രില്ലർ പോരാട്ടം തന്നെയാണ് ആരാധകർക്ക് ലഭിച്ചത്.
സ്വന്തം തട്ടകത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ലീഡ്സിന്റെ ഗോളോടെയാണ് മത്സരത്തിന് അരങ്ങുണർന്നത്. എതിർ ബോക്സിലേക്ക് ഓടിക്കയറിയ സമ്മർവില്ലെയെ സെനെസി വീഴ്ത്തിയപ്പോൾ റഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത റോഡ്രിഗോക്ക് ഒട്ടും പിഴച്ചില്ല. എന്നാൽ ഗോളിന്റെ ആഹ്ലാദം അവസാനിക്കുന്നതിന് മുൻപ് ബേൺമൗത് തിരിച്ചടിച്ചു. ഏഴാം മിനിറ്റിൽ ടെവെർനിയറിന്റെ വോളി എതിർ വല കുലുക്കി. പത്തൊൻപതാം മിനിറ്റിൽ ബില്ലിങ്ങിന്റെ ഇടംകാലൻ ഷോട്ട് ബേൺമൗത്തിന് ഗോൾ സമ്മാനിച്ചപ്പോൾ സന്ദർശകർ ആദ്യമായി മത്സരത്തിൽ മുന്നിലെത്തി. മത്സരം ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിൽ ബേൺമൗത്ത് നിർത്തിയിടത്തും നിന്നും തുടങ്ങി. നാല്പത്തിയെട്ടാം മിനിറ്റിൽ തന്നെ അവർ ലീഡ് ഉയർത്തി. ലീഡ്സിന്റെ കോർണറിൽ നിന്നും പിറന്ന കൗണ്ടർ അറ്റാക്ക് സോളങ്കി വലയിൽ എത്തിച്ചു. എന്നാൽ തിരിച്ചു വരവിന് ലീഡ്സ് കോപ്പുകൂട്ടുന്നതെ ഉണ്ടായിരുന്നുള്ളൂ. അറുപതാം മിനിറ്റിൽ സബ്ബായി എത്തിയ ഗ്രീൻവൂഡിന്റെ ഗോളിലൂടെ തിരിച്ചടി തുടങ്ങിയ ലീഡ്സ് എട്ട് മിനിറ്റിന് ശേഷം സമനില ഗോളും കണ്ടെത്തി. ഗ്രീൻവുഡിന്റെ തന്നെ കോർണറിൽ തല വെച്ച് കൂപ്പർ ആണ് സമനില ഗോൾ സമ്മാനിച്ചത്. വീണ്ടും മുന്നിൽ എത്താനുള്ള ബേൺമൗത്തിന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് എൺപതിനാലാം മിനിറ്റിൽ ആതിഥേയർ മത്സരത്തിൽ ഒരിക്കൽ കൂടി ലീഡ് എടുത്തു. നോൻറ്റോയുടെ പാസിൽ സമ്മർവില്ലയാണ് നിർണായക ഗോൾ ടീമിന് സമ്മാനിച്ചത്. ഇതോടെ ലീഡ്സ് പന്ത്രണ്ടാമതും ബേൺമൗത് പതിനഞ്ചാമതും ആണ് ലീഗിൽ.