ചെൽസിയിൽ പുലിസിച്ചിന്റെ മികച്ച പ്രകടനങ്ങൾ ഇനിയും വരാനുണ്ടെന്ന് ലമ്പാർഡ്

- Advertisement -

ചെൽസി ജേഴ്സിയിൽ പുലിസിച്ചിന്റെ മികച്ച പ്രകടനങ്ങൾ ഇനിയും വരാനുണ്ടെന്ന് ചെൽസി പരിശീലകൻ ലമ്പാർഡ്. സൂപ്പർ കപ്പ് ഫൈനലിൽ ലിവർപൂളിനോട് ചെൽസി തോറ്റെങ്കിലും ആദ്യ പകുതിയിൽ ചെൽസിക്ക് വേണ്ടി ഇറങ്ങിയ പുലിസിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മത്സരത്തിൽ ചെൽസിയുടെ ആദ്യ ഗോളിന് വഴി ഒരുക്കിയതും പുലിസിച്ച് ആയിരുന്നു.

ജിറൂദിന്റെ ആദ്യ ഗോളിന് വഴി ഒരുക്കിയ പുലിസിച്ച് ചെൽസി ജേഴ്സിയിൽ തന്റെ ആദ്യ അസിസ്റ്റും സ്വന്തമാക്കിയിരുന്നു. പുലിസിച്ചിന്റെ പ്രകടനത്തിൽ താൻ സന്തോഷവാനാണെന്നും താരം നൽകുന്ന സൂചനകൾ എല്ലാം ശരിയായ ദിശയിലാണെന്നാണ് ചെൽസി പരിശീലകൻ ലമ്പാർഡ് പറഞ്ഞു. മത്സരത്തിൽ പുലിസിച്ച്‌ ലിവർപൂൾ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് താരത്തിന് ചെൽസി ജേഴ്സിയിൽ ആദ്യ ഗോൾ നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് പുലിസിച്ചിനെ ചെൽസി സ്വന്തമാക്കുന്നത്. ഈ സീസണിന്റെ അവസാനം വരെ ഡോർട്മുണ്ടിൽ ലോണിൽ തുടർന്ന പുലിസിച്ച് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ചെൽസിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisement