ഗ്വാർഡിയോളയെ മറികടന്ന് ക്ലോപ്പ് പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ

മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പെപ് ഗ്വാർഡിയോളയെ മറികടന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് ലീഗിലെ മികച്ച പരിശീലകനുള്ള ലീഗ് മാനേജർസ് അസോസിയേഷന്റെ അവാർഡ് സ്വന്തമാക്കി. അലക്സ് ഫെർഗൂസന്റെ പേരിലുള്ള ട്രോഫിയാണ് ക്ലോപ്പിന് ലഭിക്കുക. പ്രീമിയർ ലീഗ് കിരീടം അവസാന ദിവസം നഷ്ടമായെങ്കിലും ക്ലോപ്പ് ഈ സീസണിൽ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലിവർപൂൾ എത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ആണ് ലിവർപൂളിന്റെ എതിരാളികൾ.

എഫ്.എ വുമൺസ് സൂപ്പർ ലീഗിൽ മികച്ച മാനേജർക്കുള്ള പുരസ്‌കാരം ചെൽസി പരിശീലക എമ്മ ഹയെസിനാണ്. ലിവർപൂൾ വനിതാ ടീം പരിശീലകൻ മാറ്റ് ബിയേർഡ് ആണ് വനിതാ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച പരിശീലകൻ. ഫുൾഹാം പരിശീലകൻ മാർക്കോ സിൽവ സ്കൈ ബെറ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച പരിശീലകനുള്ള അവാർഡും സ്വന്തമാക്കി.