“അവസാന ദിവസം കിരീടം ഉറപ്പിക്കും, ജീവൻ കൊടുത്തും അതിനായി പോരാടും” – ഗ്വാർഡിയോള

ഇന്നലെ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്താൻ കഴിയാത്തതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട പോരാട്ടം അവസാന മത്സരത്തിലേക്ക് നീണ്ടിരിക്കുകയാണ്. അവസാന ദിവസം ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ആസ്റ്റൺ വില്ലയെ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടത്. അന്ന് ടീം ജീവൻ കൊടുത്തും കിരീടത്തിനായി പോരാടുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു.

“വെസ്റ്റ് ഹാമുമായുള്ള കളിയോടെ ഗോൾ വ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ തീർന്നു ഇനി ഞങ്ങളുടെ കളി ജയിച്ചാൽ മതി, ഞങ്ങൾ ചാമ്പ്യന്മാരാകും.” ഗ്വാർഡിയോള പറഞ്ഞു. “ഞങ്ങളുടെ സ്റ്റേഡിയം അവസാന ദിവസം ഹൗസ്ഫുൾ ആയിരിക്കും, കിരീടം നേടാൻ ഞങ്ങൾ ഞങ്ങളുടെ ജീവൻ വരെ നൽകും. കളി ജയിച്ച് ചാമ്പ്യന്മാരാകാനുള്ള അവിശ്വസനീയമായ അവസരമാണിത്.” പെപ് പറയുന്നു.

“ഞങ്ങൾക്ക് മത്സരങ്ങൾ ജയിക്കാനും കിരീടം നേടാനുമുള്ള ആഗ്രഹവും അതിനായുള്ള പ്രയത്നവും ഉണ്ട്. വോൾവ്‌സിനെതിരെയും വെസ്റ്റ് ഹാമിനെതിരെയും ഞങ്ങൾ അത് തെളിയിച്ചു.” പെപ് പറഞ്ഞു.