ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് ഇത്തിഹാദിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനികയിൽ പിരിഞ്ഞു. വിജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും അവസരങ്ങൾ മുതലെടുക്കാൻ അവർക്കായില്ല.
ആദ്യ പകുതിയിൽ 13ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിൻ ലിവർപൂൾ ആണ് ലീഡ് എടുത്തത്. മാനെ നേടിയ പെനാൾട്ടി സലാ ലക്ഷ്യത്തിൽ എത്തിച്ചു. ഈ തിരിച്ചടിയോട് മികച്ച രീതിയിൽ പ്രതികരിച്ച മാഞ്ചസ്റ്റർ സിറ്റി 33ആം മിനുട്ടിൽ സമനില കണ്ടെത്തി. ഡിബ്രുയിന്റെ പാസിൽ നിന്ന് ജെസൂസ് ആണ് സിറ്റിക്ക് സമനില നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് 42ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സിറ്റിക്ക് ലീഡ് എടുക്കാൻ അവസരം ലഭിച്ചു. പക്ഷെ ഡി ബ്രുയിന്റെ പെനാൾട്ടി ടാർഗറ്റിലേക്ക് പോലും പോയില്ല.
രണ്ടാം പകുതിയിൽ ഒരു സുവർണ്ണാവസരം കൂടെ സിറ്റിക്ക് ലഭിച്ചു. പക്ഷെ ജെസൂസിന്റെ ഹെഡറും ലക്ഷ്യത്തിൽ എത്തിയില്ല. ഈ സമനിലയോടെ ലിവർപൂൾ ഒന്നാം സ്ഥാനം കൈവിട്ടു. അവർ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി 11ആം സ്ഥാനത്തുമാണ് ഉള്ളത്.