മാറ്റക്ക് പുതിയ യൂണൈറ്റഡ് കരാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ഹുവാൻ മാറ്റ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. ഒരു വർഷത്തേക്കാണ് താരം ക്ലബ്ബുമായി കരാർ പുതുക്കിയത്. പുതിയ കരാർ പ്രകാരം താരം 2019 ജൂണ് വരെ ക്ലബ്ബിൽ തുടരും. ഈ സീസൺ അവസാനത്തോടെ നിലവിലെ കരാർ അവസാനിക്കുന്ന താരം ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് മാറ്റയുമായുള്ള കരാർ പുതുക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്. ആരാധകർക്കും താരങ്ങൾക്കും ഇടയിൽ ഏറെ പ്രശസ്തനായ മാറ്റ ക്ലബ്ബിൽ ഒരു വർഷം കൂടെ തുടരും എന്നത് അവർക്ക് ആഹ്ലാദം നൽകുന്ന ഒന്നാകും എന്ന് ഉറപ്പാണ്.

2014 ജനുവരിയിൽ ചെൽസിയിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 172 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്. ജോസ് മൗറീഞ്ഞോ ചെൽസി പരിശീലകനായിരിക്കെ വിറ്റ മാറ്റ മൗറീഞ്ഞോ യൂണൈറ്റഡ് പരിശീലകനായി എത്തുന്നതോടെ ക്ലബ്ബ് വിടുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും മൗറീഞ്ഞോക്ക് കീഴിൽ കാര്യമായ അവസരങ്ങൾ മാറ്റക്ക് ലഭിച്ചു. ഈ ഏപ്രിലിൽ 30 വയസ്സ് തികയുന്ന മാറ്റ 2009 മുതൽ സ്‌പെയിൻ ദേശീയ ടീമിലും അംഗമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement