മൗറിഞ്ഞോ വീണ്ടും ബാൻ കുരിക്കിലേക്ക്..?

മൗറിഞ്ഞോ വീണ്ടും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടിക്ക് വിധേയനാവാൻ സാധ്യത. ഇന്ന് നടക്കുന്ന ലിവർപൂൾ – മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരത്തിന് റഫറിയായി ആന്റണി ടൈലറിനെ നിയമിച്ചതുമായി ബന്ധപെട്ട പരാമർശങ്ങളാണ് മൗറിഞ്ഞോയെ വീണ്ടും FA യുടെ അച്ചടക്ക നടപടിയുടെ ഭീഷണിയിലെത്തിച്ചത്.

ലിവർപൂളിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് മൗറിഞ്ഞോ വിവാദ പരാമർശം നടത്തിയത്. മാഞ്ചസ്റ്റർ സ്വദേശിയായ ആന്റണി ടൈലറിനെ മത്സരം നിയന്ത്രിക്കാൻ നിയമിച്ചത് അദ്ദേഹത്തിന് മേൽ അനാവശ്യ സമ്മർദ്ദമാവുമെന്നും അദ്ദേഹത്തിന് മികച്ച രീതിയിൽ മത്സരം നിയന്ത്രിക്കുന്നതിന് തടസ്സമാവുമെന്നും മൗറിഞ്ഞോ പറഞ്ഞിരുന്നു. കൂടാതെ ഒരു പടി കൂടെ കടന്ന് ആരോ മനഃപൂർവം ചെയ്ത പോലെ എന്ന് പ്രയോഗിക്കാനും യുണൈറ്റഡ് പരിശീലകൻ തയ്യാറായി.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ ഭരണ സമിതി മൗറീഞ്ഞോയുടെ പരാമർശങ്ങൾ പരിശോധിക്കുമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ പിഴ അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യാൻ സാധ്യത ഉണ്ടെന്നുമാണ് ഇംഗ്ലണ്ടിൽനിന്നുള്ള റിപ്പോർട്ടുകൾ. ഫുട്ബോൾ അസോസിയേഷൻ നിയമപ്രകാരം കളിക്കാരോ പരിശീലകരോ ക്ലബ്ബുകളുമായി ബന്ധപ്പെട്ട ആരെങ്കിലുമോ മാച്ച് ഒഫീഷ്യൽസിനെ കുറിച്ച് അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ളതോ അവരെ സമ്മർദ്ദത്തിലാകുന്നതോ ആയ പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണ്.

മുൻപും എതിർ ടീം പരിശീലകരെ കുറിച്ചും റഫറിമാരെ കുറിച്ചും വിവാദപരമായ പരാമർശങ്ങളുടെ പേരിൽ മൗറിഞ്ഞോ നടപടികൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസി പരിശീലകനായിരിക്കെ വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിന്റെ ഹാഫ് ടൈം സമയത്ത് റഫറിമാരുടെ വിശ്രമ മുറിയിലേക്ക് അതിക്രമിച്ചു കടന്നതിനും കയർത്ത് സംസാരിച്ചതിനും മൗറിഞ്ഞോ 50000 പൗണ്ട് പിഴയും ടച്ച് ലൈൻ ബാനടക്കമുള്ള നടപടികൾ നേരിട്ടിരുന്നു.