പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളിന് പിന്നിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് പരിക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം കാരബാവോ കപ്പ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടെ താരങ്ങൾക്കേറ്റ പരിക്കാണ് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയാവുന്നത്. മത്സരത്തിൽ മിഡ്ഫീൽഡർ ഫെർണാഡിഞ്ഞോയും പ്രതിരോധ താരം ലപോർട്ടെയും പരിക്കേറ്റ് പുറത്തുപോയിരുന്നു.
ഫെർണാഡിഞ്ഞോക്ക് ഗ്രോയിൻ ഇഞ്ചുറിയും ലപോർട്ടെക്ക് ഹാംസ്ട്രിങ് ഇഞ്ചുറിയുമാണ്. ഇതോടെ താരങ്ങൾക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത അഞ്ചു മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന. അടുത്ത മാസം അവസാനത്തോടെ മാത്രമേ ഇരുവരും മാഞ്ചസ്റ്റർ സിറ്റി ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർച്ച് അവസാനത്തോടെയുള്ള ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതിനു ശേഷമാവും താരങ്ങൾ ടീമിൽ തിരിച്ചെത്തുകയെന്ന് പരിശീലകൻ ഗ്വാർഡിയോള വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പരിക്ക് മൂലം ജോൺ സ്റ്റോൺസിനും ഗബ്രിയേൽ ജെസൂസിനും ലീഗ് കപ്പ് ഫൈനൽ നഷ്ടമായിരുന്നു. ഇരുവരും ഉടൻ തന്നെ ടീമിലെത്തുമെന്ന് ഗ്വാർഡിയോള പറഞ്ഞിട്ടുണ്ട്. അതെ സമയം ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ബെഞ്ചമിൻ മെന്റി വെസ്റ്റ്ഹാമിനെതിരെ ടീമിൽ ഇടം പിടിച്ചേക്കുമെന്നും ഗ്വാർഡിയോള സൂചിപ്പിച്ചിട്ടുണ്ട്.