വീണ്ടും തലയെടുപ്പുള്ള പ്രകടനവുമായി ഇന്ത്യ

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച അണ്ടര്‍ 19 ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ആധികാരികമായ ഒന്നാം ദിവസത്തെ പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 152 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 40 റണ്‍സ് പിന്നിലായി 112/2 എന്ന നിലയിലാണ്. വത്സല്‍ ഗോവിന്ദിന്റെ വിക്കറ്റ് വീണതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 25 റണ്‍സാണ് താരം നേടിയത്. ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാല്‍ 81 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 54.4 ഓവറില്‍ അവസാനിക്കുകയായിരുന്നു. 51 റണ്‍സ് നേടിയ റയാന്‍ ടെര്‍ബ്ലാഞ്ചേയും 64 റണ്‍സ് നേടിയ ബ്രൈസ് പാര്‍സണ്‍സും മാത്രമാണ് സന്ദര്‍ശകര്‍ക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി മനീഷി 5 വിക്കറ്റും ഹൃതിക് ഷൗക്കീന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായി.