ലമ്പാർഡും ബെർകാമ്പും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ

ചെൽസി ഇതിഹാസം ഫ്രാങ്ക് ലമ്പാർഡും ആഴ്‌സണൽ ഇതിഹാസം ഡെന്നിസ് ബെർകാമ്പും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ. നേരത്തെ തന്നെ പ്രീമിയർ ലീഗ് അലൻ ഷിയറർ, തിയറി ഹെൻറി, എറിക് കന്റോണ, റോയ് കീൻ എന്നിവരെയും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.

തന്റെ 20 വർഷത്തെ മികച്ച കരിയറിന് പിന്നാലെയാണ് ലമ്പാർഡിനെ പ്രീമിയർ ലീഗിൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്. ചെൽസിക്ക് പുറമെ വെസ്റ്റ് ഹാമിന്‌ വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഫ്രാങ്ക് ലമ്പാർഡ് കളിച്ചിട്ടുണ്ട്. ചെൽസിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് ലമ്പാർഡ്. 609 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 177 ഗോളുകളും ലമ്പാർഡ് നേടിയിട്ടുണ്ട്.

1995ൽ ആഴ്സണലിൽ എത്തിയ ഡെന്നിസ് ബെർകാമ്പ് അവർക്ക് 10 കിരീടങ്ങളും നേടി കൊടുത്തിട്ടുണ്ട്. ആഴ്‌സണൽ ഒരു മത്സരം പോലും തോൽക്കാതെ പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ ഡെന്നിസ് ബെർകാമ്പ്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. പ്രീമിയർ ലീഗിൽ 315 മത്സരങ്ങൾ കളിച്ച ബെർകാമ്പ് 87 ഗോളുകളും നേടിയിട്ടുണ്ട്.