യുവതാരം മേസൺ ഗ്രീൻവുഡിനെ തിരികെ ടീമിലേക്ക് എടുക്കുന്നത് തന്റെ കയ്യിലുള്ള തീരുമാനം അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഗ്രീൻവുഡ് മികച്ച താരമാണ്. അവന് ഗോളുകൾ നേടാനാകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കാനുള്ള കഴിവുണ്ട് എന്നും അവൻ മുമ്പ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് എന്ന് ടെൻഹാഗ് സൂചന നൽകി.
ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുനോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.
കളിക്കാരന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നിശ്ചിത പ്രക്രിയ പിന്തുടരുകയാണ് എന്ന് ക്ലബ് പറഞ്ഞിരുന്നു. ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്.