ഫുൾ ബാക്ക് സ്ഥാനത്തേക്ക് താരങ്ങളെ ആവശ്യമുണ്ട്, മുന്നിലുള്ളത് ധാരാളം മത്സരങ്ങൾ : ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും മികച്ച താരങ്ങളുടെ ആവശ്യമുണ്ടെന്ന് എറിക് ടെൻ ഹാഗ്. വലിയ മത്സരാധിക്യമാണ് മുന്നിലുള്ളത് എന്നതിനാൽ രണ്ട് ഫുൾ ബാക്കുകളെയാണ് ടീമിന് അത്യാവശ്യമായി വേണ്ടതെന്ന് ടെൻ ഹാഗ് ചൂണ്ടിക്കാണിച്ചു. ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകുമെന്നും ഉറപ്പായിരിക്കുകയാണ്. വെസ്റ്റ്ഹാമിനെതിരായ വിജയ ശേഷം സംസാരിക്കവെയാണ് ടെൻ ഹാഗ് ടീമിന്റെ ആവശ്യങ്ങൾ ഉയർത്തിയത്.

നിലവിൽ ഡിയോഗോ ഡാലോട് റൈറ്റ് ബാക്ക് സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട് എങ്കിലും ലോകകപ്പ് അടക്കമുള്ള തിരക്കേറിയ കലണ്ടറിൽ മികച്ച പകരക്കാർ ഇല്ലാതെ മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമാകുമെന്ന് ടെൻ ഹാഹ് തിരിച്ചറിയുന്നുണ്ട്. മറ്റൊരു താരമായ ആരോൻ വാൻ ബിസാക്കക്ക് പുറത്തേക്കുള്ള വാതിൽ തുറക്കുന്ന മുറക്ക് യുണൈറ്റഡ് പകരം താരത്തെ എത്തിച്ചേക്കും എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഡച്ച് താരമായ ജെറമി ഫ്‌റിംപോങ് ആണ് ടീമിന്റെ സാധ്യത പട്ടികയിൽ ഉള്ള ഒരു താരം. ഡാലോട്ടിന്റെ കരാർ സീസണോടെ അവസാനിക്കും എന്നതിനാൽ പുതിയ കരാർ നൽകേണ്ടതും യുണൈറ്റഡിന്റെ അജണ്ടയിൽ ഉണ്ട്.