മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഫുൾഹാമിൽ ഇറങ്ങുന്നത് ആദ്യ നാലിൽ എത്തുക എന്ന ലക്ഷ്യത്തോടെ ആകും. ഇന്ന് വിജയിക്കുകയാണെങ്കിൽ ചെൽസിയെ മറികടന്ന് താൽക്കാലികമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം സ്ഥാനത്ത് എത്താം. നാളെ ചെൽസി നേരിടുന്നത് മാഞ്ചസ്റ്റർ സിറ്റിയെ ആണ് എന്നതു കൊണ്ട് ആ നാലാം സ്ഥാനം സ്ഥിരമാകാനും സാധ്യതയുണ്ട്.
അവസാന രണ്ട് ആഴ്ചകളിൽ അത്ര തൃപ്തികരമായ പ്രകടനമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെച്ചത്. ലെസ്റ്റർ സിറ്റിക്കെതിരായ ജയത്തിലും ബേർൺലിക്ക് എതിരായ സമനിലയിലും യുണൈറ്റഡിന്റെ താളം തെറ്റി തുടങ്ങുന്നത് കാണാൻ കഴിഞ്ഞിരുന്നു. ഇന്ന് ഫുൾഹാമിനെതിരെ അതുകൊണ്ട് തന്നെ മികച്ച ഇലവനെയാകും ഒലെ ഇറക്കുക.
റാഷ്ഫോർഡ്, മാർഷ്യൽ, ലിംഗാർഡ് എന്ന അറ്റാക്കിംഗ് ത്രീയിലേക്ക് യുണൈറ്റഡ് ഇന്ന് മടങ്ങാൻ സാധ്യതയുണ്ട്. ഇനി വരാനുള്ള മത്സരങ്ങൾ കടുപ്പം ഉള്ളതിനാൽ ഇന്ന് വിജയം സ്വന്തമാക്കി ആത്മവിശ്വാസം ഉയർന്ന നിലയിൽ സൂക്ഷിക്കാൻ ആകും യുണൈറ്റഡ് കരുതുക.
മറുവശത്ത് ഫുൾഹാം റനിയേരി പരിശീലകനായി എത്തിയ ശേഷം മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. പക്ഷെ ഇപ്പോഴും ഫലങ്ങൾ ഫുൾഹാമിന് എതിരാണ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിക്കാൻ ആയാൽ റിലഗേഷൻ പോരാട്ടത്തിൽ ഫുൾഹാമിന് അത് വലിയ ഊർജ്ജം തന്നെ നൽകും. വൈകിട്ട് 6 മണിക്കാണ് മത്സരം നടക്കുക.