ചെൽസിക്ക് ഒരു തിരിച്ചടി കൂടെ. അവർ ഇന്ന് പ്രീമിയർ ലീഗിൽ എവർട്ടണെതിരെ സമനില വഴങ്ങി. 2-1ന് മുന്നിട്ടു നിന്നിരുന്ന ചെൽസി 90ആം മിനുറ്റിലെ ഗോളിനാണ് സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ന് ഗോളുകൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ജാവോ ഫെലിക്സിന്റെ ഒരു സ്ട്രൈക്ക് പോസ്റ്റിൽ തട്ടി വലയ്ക്ക് അകത്തേക്കു തന്നെ കയറി. സ്കോർ 1-0. ഇതിന് ശേഷം ചെൽസിയുടെ നല്ല ആക്രമണങ്ങൾ കണ്ടു. രണ്ടാം ഗോൾ ചെൽസി നേടും മുമ്പ് എവർട്ടൺ തിരിച്ചടിച്ചു. 69ആം മിനുട്ടി ദൗകോരെ ആണ് എവർട്ടണ് സമനില നൽകിയത്.
അധികം സമയം വേണ്ടി വന്നില്ല ചെൽസിക്ക് ലീഡ് തിരിച്ചുപിടിക്കാൻ. 76ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് കായ് ഹവേർട്സ് ചെൽസിക്കായി ഗോൾ നേടി. ഇത് ചെൽസിയെ ജയത്തിലേക്ക് നയിക്കുമെന്ന് കരുതി എങ്കിലും അതുണ്ടായില്ല. 90ആം മിനുട്ടിൽ എവർട്ടന്റെ സമനില ഗോൾ വന്നു. എല്ലിസ് സിംസിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിലൂടെ എവർട്ടൺ സമനില കണ്ടെത്തി. സ്കോർ 2-2
ഈ സമനിലയോടെ ചെൽസി ലീഗിൽ 38 പോയിന്റുമായി പത്താം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. എവർട്ടൺ 26 പോയിന്റുമായി 15ആം സ്ഥാനത്തും നിൽക്കുന്നു.