ബാവുമയുടെ ഒറ്റയാള്‍ പോരാട്ടം വിഫലം, വിജയം നേടാനാകാതെ ദക്ഷിണാഫ്രിക്ക

Sports Correspondent

Tembabavuma

വെസ്റ്റിന്‍ഡീസിനെതിരെ ടെംബ ബാവുമയുടെ ഒറ്റയാള്‍ പോരാട്ടം. 144 റൺസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്തെങ്കിലും വെസ്റ്റിന്‍ഡീസിന്റെ സ്കോറായ 335/8 ചേസ് ചെയ്തിറങ്ങിയ ആതിഥേയര്‍ക്ക് 41.4 ഓവറിൽ 287 റൺസ് മാത്രമേ നേടാനായുള്ളു.

ബാവുമയാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണത്. ഇതോടെ 48 റൺസ് വിജയം വെസ്റ്റിന്‍ഡീസ് നേടി. 48 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും അകീൽ ഹൊസൈനും മൂന്ന് വീതം വിക്കറ്റ് നേടി.

നേരത്തെ 128 റൺസ് നേടിയ ഷായി ഹോപ് ആണ് വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയത്. റോവ്മന്‍ പവൽ 46 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍(39), കൈൽ മയേഴ്സ്(36), ബ്രണ്ടന്‍ കിംഗ്(30) എന്നിവരും നിര്‍ണ്ണായക സംഭാവന നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയെറ്റ്സേ മൂന്നും ജോൺ ഫോര്‍ടുയിന്‍, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.