ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു എവർട്ടൺ. ഇതോടെ മൂന്നു മത്സരങ്ങളുടെ തോൽവിയിൽ നിന്നു അവർ വിജയവഴിയിൽ തിരിച്ചെത്തി. പന്ത് കൂടുതൽ നേരം കൈവശം വച്ചത് പാലസ് ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ആതിഥേയർ തന്നെയായിരുന്നു. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ അലക്‌സ് ഇയോബിയുടെ പാസിൽ നിന്നു ഡൊമനിക് കാർവർട്ട് ലൂയിൻ എവർട്ടണിനു ആദ്യ ഗോൾ സമ്മാനിച്ചു. മെയ് മാസത്തിനു ശേഷം താരം ലീഗിൽ നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയിൽ 63 മത്തെ മിനിറ്റിൽ ആന്റണി ഗോർഡൻ എവർട്ടണിനു രണ്ടാം ഗോളും സമ്മാനിച്ചു. മികൊലങ്കോയുടെ ഷോട്ട് പാലസ് ഗോൾ കീപ്പർ തടഞ്ഞപ്പോൾ ആന്റണി ഗോർഡൻ റീബൗണ്ടിലൂടെ ഗോൾ നേടുക ആയിരുന്നു. ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ മക്നീൽ അലക്‌സ് ഇയോബിയുടെ പാസിൽ നിന്നു 84 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തി എവർട്ടണിന്റെ വമ്പൻ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ എവർട്ടൺ പതിനൊന്നാം സ്ഥാനത്തും പാലസ് പന്ത്രണ്ടാം സ്ഥാനത്തും ആണ്.














