പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്നു ആഴ്‌സണലിന് വീണ്ടും തോൽവി. മികച്ച ഫോമിലേക്ക് തിരിച്ചുവന്ന എവർട്ടൺ ആണ് ഇത്തവണ ആഴ്‌സണലിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എവർട്ടന്റെ ജയം. എവർട്ടന്റെ തുടർച്ചയായ മൂന്നാം ജയം കൂടിയായിരുന്നു ഇത്. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും എവർട്ടണായി. അതെ സമയം അവസാനം കളിച്ച 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രമാണ് ആഴ്‌സണലിന് ജയിക്കാനായത്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും വീണത്. മത്സരത്തിന്റെ 22ആം മിനുട്ടിൽ റോബ് ഹോൾഡിങ്ങിന്റെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരത്തിൽ ലീഡ് നേടിയത്. എന്നാൽ മേയ്റ്റ്ലാൻഡ് നൈൽസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി നിക്കൊളാസ് പെപെ ആഴ്‌സണലിന് സമനില നേടിക്കൊടുത്തു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്ന് ഹെഡറിലൂടെ യെറി എവർട്ടണെ മുൻപിലെത്തിക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ സമനില നേടാൻ ആഴ്‌സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും എവർട്ടൺ പ്രതിരോധം ബേധിക്കാൻ അവർക്കായില്ല.