ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ മത്സരത്തിൽ സമനില വിടാതെ ബൗൺമൗത്തും എവർട്ടണും. 2-2 എന്ന സ്കോറിന് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. രണ്ടു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് ബൗൺമൗത്ത് മത്സരം സമനിലയിലാക്കിയത്.രണ്ട് ടീമിൽ നിന്നും ഓരോ പേർക്ക് ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും വീണത്. ആദ്യ പകുതി തീരുന്നതിനു കുറച്ചു മുൻപ് തന്നെ എവർട്ടൺ 10 പേരായി ചുരുങ്ങി. എതിർ താരത്തെ തലകൊണ്ട് ഇടിക്കാൻ ശ്രമിച്ചതിനാണ് എവർട്ടൺതാരം റിച്ചാർലിസൺ ചുവപ്പ് കാർഡ് കണ്ടത്.
എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയിൽ വാൽക്കോട്ടിലൂടെ എവർട്ടൺ ആദ്യ ഗോൾ നേടി. തുടർന്നാണ് ബൗൺമൗത്ത് നിരയിൽ സ്മിത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ഇതോടെ ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങി. തുടർന്നും മത്സരത്തിൽ ആധിപത്യം പുലർത്തിയ എവർട്ടൺ കീനിലൂടെ ലീഡ് ഇരട്ടിയാക്കി.
എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ബൗൺമൗത്ത് മത്സരത്തിൽ തിരിച്ചു വന്നു. നാല് മിനുറ്റിനിടെ രണ്ടു ഗോൾ അടിച്ചു കൊണ്ടാണ് ബൗൺമൗത്ത് മത്സരത്തിൽ സമനില പിടിച്ചത്. ആദ്യം പെനാൽറ്റിയിലൂടെ കിംഗ് ഗോൾ നേടിയപ്പോൾ നാല് മിനിറ്റ് കഴിഞ്ഞ് അകെയിലൂടെ ബൗൺമൗത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു.