റൊണാൾഡോയുടെ കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ

20221118 192417

ക്ലബിന് എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ അടച്ച് ആക്ഷേപങ്ങൾ ചൊരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത നടപടികൾ എടുക്കും എന്നു വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിന് ശേഷം താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി വരേണ്ടത് ഇല്ല എന്നാണ് ക്ലബ് നിലപാട്. 37 കാരനായ താരത്തിന്റെ കരാർ റദ്ദാക്കാൻ ആണ് യുണൈറ്റഡ് ഒരുങ്ങുന്നത്. പരിശീലകന്റെയും സഹതാരങ്ങളുടെയും നിലപാട് കൂടി അറിഞ്ഞ ശേഷമാണ് യുണൈറ്റഡ് നീക്കം എന്നാണ് സൂചന.

ക്ലബും ആയുള്ള കരാർ ലംഘിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു എന്നാണ് യുണൈറ്റഡിനു ലഭിച്ച നിയമ ഉപദേശം. അതിനാൽ തന്നെ റൊണാൾഡോയുടെ കരാർ റദ്ദാക്കുമ്പോൾ താരത്തിന് നഷ്ടപരിഹാരം നൽകേണ്ട കാര്യം അവർക്ക് ഉണ്ടാവില്ല. വേതന ഇനത്തിൽ ഏതാണ്ട് 16 മില്യൺ പൗണ്ട് ആവും കരാർ റദ്ദാക്കിയാൽ റൊണാൾഡോക്ക് നഷ്ടമാവുക. ഇതിനു പിറകെ താരത്തിന് എതിരെ ക്ലബ് നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഈ അഭിമുഖത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവിനു ദുഖകരമായ അന്ത്യം ആവും ഉണ്ടാവുക എന്നുറപ്പാണ്.