ചെൽസിക്ക് ഇന്ന് അപ്രതീക്ഷിത ഫലം ആണ് ലഭിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ സതാമ്പ്ടണെ നേരിടാൻ ഇറങ്ങുമ്പോൾ ആ മത്സരം ഗോൾ രഹിതമായി അവസാനിക്കും എന്ന് ചെൽസി കരുതിക്കാണില്ല. എന്നാൽ നിർണായകമായേക്കാവുന്ന പോയന്റുകൾ ചെൽസിക്ക് സതാമ്പ്ടണ് മുന്നിൽ നഷ്ടമായി. അറ്റാക്കിംഗ് താരങ്ങൾ ആരും മികവിലേക്ക് ഉയരാതിരുന്നതാണ് ചെൽസിക്ക് വിനയായത്.
73 ശതമാനത്തോളം പന്ത് കൈവശം വെച്ചു എങ്കിലും ഹസാർഡിനോ മൊറാട്ടോക്കോ അതൊന്നും പന്ത് വലയിൽ എത്തിക്കാൻ പാകുന്ന തരത്തിൽ മാറ്റാൻ കഴിഞ്ഞില്ല. മൊറാട്ട ഒരു തവണ വലകുലുക്കി എങ്കിലും അത് ഓഫ്സൈഡ് ആയതും ചെൽസിക്ക് നിരാശ നൽകി. മൊറാട്ട, ബാർക്ലി എന്നിവർ ഇന്ന് തീർത്തും നിറം മങ്ങി. വില്യൻ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പോയതും ചെൽസിക്ക് വിനയായി.
ഈ സമനില ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന പ്രതീക്ഷ വീണ്ടും നൽകി. ആഴ്സണൽ മൂന്ന് പോയന്റും മാഞ്ചസ്റ്റർ ആറു പോയന്റും മാത്രം പിറകിൽ നിൽക്കുന്നത് ചെൽസിക്ക് ഇനി അങ്ങോട്ട് കൂടുതൽ സമ്മർദ്ദം നൽകും.