ടോട്ടൻഹാമിന്‌ ആശ്വാസം, ഡെലെ അലി തിരിച്ചെത്തുന്നു

- Advertisement -

പ്രീമിയർ ലീഗിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ജയമറിയാതെ ഉഴലുന്ന ടോട്ടൻഹാമിന്‌ സന്തോഷം വാർത്ത. കഴിഞ്ഞ ജനുവരിയിൽ ഫുൾഹാമിനെതിരെ പരിക്കേറ്റ് പുറത്തുപോയ സൂപ്പർ താരം ഡെലെ അലി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ശനിയാഴ്ച നടക്കുന്ന സൗത്താംപ്ടണെതിരായ മത്സരത്തിൽ അലി ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അലിയുടെ തിരിച്ചുവരവ് ടോട്ടൻഹാമിനെ വീണ്ടും വിജയ വഴിയിൽ കൊണ്ടുവരുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ.

ബേൺലിയോടും ചെൽസിയോടും തോറ്റ ടോട്ടൻഹാം ആഴ്‌സണലിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനുമൊപ്പം കിരീട പോരാട്ടത്തിൽ ഉണ്ടായിരുന്ന ടോട്ടൻഹാം ഇതോടെ കിരീട പോരാട്ടത്തിൽ പിറകിലായിരുന്നു. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ വെറും 3 പോയിന്റിന്റെ ലീഡ് മാത്രമാണ് നിലവിൽ ടോട്ടൻഹാമിന്‌ ഉള്ളത്.

അതെ സമയം ഇന്ന് നടക്കുന്ന ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് മത്സരത്തിനുള്ള ടോട്ടൻഹാം ടീമിൽ അലി ഉൾപ്പെട്ടിട്ടില്ല. കീരൻ ട്രിപിയറും ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് പരിശീലകൻ പോച്ചെറ്റിനോ പറഞ്ഞു. ആദ്യ പാദത്തിൽ ഡോർട്മുണ്ടിനെതിരെ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ടോട്ടൻഹാമിന്‌ തന്നെയാണ് മത്സരത്തിൽ മുൻതൂക്കം.

Advertisement