പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ആഴ്സണലിന്റെ 3-0 ത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്ക് ആണെന്ന് തുറന്നു സമ്മതിച്ച് പ്രതിരോധനിര താരം ഡേവിഡ് ലൂയിസ്. മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇല്ലാതിരുന്ന ലൂയിസ് മത്സരത്തിൽ 24 മത്തെ മിനിറ്റിൽ പരിക്കേറ്റ സ്പാനിഷ് താരം പാബ്ലോ മാരിക്ക് പകരക്കാരൻ ആയാണ് ടീമിൽ എത്തിയത്. വെറും 26 മിനിറ്റ് കളത്തിൽ ഉണ്ടായിരുന്ന ലൂയിസ് ആദ്യം വരുത്തിയ പിഴവ് സ്റ്റെർലിങ് ഗോൾ ആക്കിയപ്പോൾ തുടർന്ന് റിയാദ് മഹ്റസിനെ പെനാൽട്ടി ബോക്‌സിൽ വീഴ്‌ത്തിയ ലൂയിസ് പെനാൽട്ടി വഴങ്ങുകയും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. മത്സരശേഷം തന്റെ പിഴവ് തുറന്നു സമ്മതിച്ചു ലൂയിസ്.
ടീമിന്റെയും പരിശീലകന്റെയും പിഴവ് അല്ല എല്ലാം തന്റെ മാത്രം പിഴവ് ആണെന്ന് പറഞ്ഞ ലൂയിസ് മറ്റ് താരങ്ങൾ മികച്ച പ്രകടനം ആണ് നടത്തിയതെന്നും പറഞ്ഞു. ഈ സീസണിന്റെ അവസാനം മാത്രം ആഴ്സണലുമായി കരാർ അവശേഷിക്കുന്ന ലൂയിസ് ക്ലബിൽ തുടരാനുള്ള ആഗ്രഹവും വ്യക്തമാക്കി. മുമ്പ് ആഴ്സണൽ ലൂയിസിന്റെ കരാർ നീട്ടും എന്നു വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കടുത്ത വിമർശനങ്ങൾ ആരാധകരിൽ നിന്നും ഫുട്‌ബോൾ പണ്ഡിറ്റ്കളിൽ നിന്നും ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ ബ്രസീലിയൻ താരത്തിന്റെ ആഴ്സണലിലെ ഭാവി ഏതാണ്ട് അവസാനിച്ചു എന്നു തന്നെ വേണം കരുതാൻ.