പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ വൻ ട്വിസ്റ്റ്. ലിവർപൂൾ അവരുടെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടിരിക്കുകയാണ്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂളിന്റെ പരാജയം. അവസരങ്ങൾ തുലച്ചതാണ് ലിവർപൂളിന് വിനയായത്. അവരുടെ ആൻഫീൽഡിലെ തുടർച്ചയായ രണ്ടാം പരാജയമാണിത്. യൂറോപ്പ ലീഗിൽ അറ്റലാന്റയോട് ലിവർപൂൾ കഴിഞ്ഞ മത്സരത്തിൽ ആൻഫീൽഡിൽ തോറ്റിരുന്നു.
ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. പതിനാലാം മിനിട്ടിലായിരുന്നു ക്രിസ്റ്റൽ പാലസ് ലിവർപൂളിന് എതിരെ മുന്നിലെത്തിയത്. ഇടത് വിങ്ങിൽ നിന്നും മിച്ചൽ നൽകിയ പാസിൽ നിന്ന് ഇസ്സെ ആണ് ക്രിസ്റ്റൽ പൗലോസിനായി ഗോൾ നേടിയത്.
ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കാൻ ക്രിസ്റ്റൽ പാലസിന് അവസരം ലഭിച്ചില്ലെങ്കിലും റോബോട്സന്റെ ഒരു ഗോൾ ലൈൻ സേവ് ലിവർപൂളിനെ രക്ഷിച്ചു. ലിവർപൂൾ മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും അവരുടെ മുൻ മത്സരങ്ങളിൽ എന്നതുപോലെ അവസരങ്ങൾ മുതൽ എടുക്കാൻ ആവാതിരുന്നത് അവർക്ക് തിരിച്ചടിയായി. ഡാർവിൻ ന്യൂനസും ഗാക്പോയും എല്ലാം മികച്ച അവസരങ്ങൾ ഇന്ന് പാഴാക്കി.
ഡീൻ ഹെൻഡേഴ്സന്റെ മികച്ച സേവകളും ക്രിസ്റ്റൽ പാലസ് ഡിഫൻഡർമാരുടെ മികച്ച ബ്ലോക്കുകളും പലപ്പോഴും പാലസിനെ രക്ഷിച്ചു.
ഈ പരാജയം പ്രീമിയർ ലീഗിൽ 2022നു ശേഷമുള്ള ലിവർപൂളിന്റെ ആൻഫീൽഡിലെ ആദ്യ പരാജയമാണ്. ഈ പരാജയത്തോടെ ലിവർപൂൾ 71 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.