രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വോൾവ്സിനെ കീഴടക്കി കൊണ്ട് ക്രിസ്റ്റൽ പാലസ് സീസണിലെ തങ്ങളുടെ രണ്ടാം ജയം കുറിച്ചു. ഇരട്ട ഗോളുമായി എഡ്വെർഡും ഇരട്ട അസിസ്റ്റുമായി മറ്റെറ്റയും തിളങ്ങിയപ്പോൾ ജേതാക്കളുടെ മറ്റൊരു ഗോൾ എസെ ആണ് നേടിയത്. ഹ്വാങ്, മതിയാസ് കുഞ്ഞ എന്നിവർ വോൾവ്സിന്റെ ഗോളുകൾ കണ്ടെത്തി. ഇതോടെ പാലസ് ഏഴാം സ്ഥാനത്തേക്ക് കയറി. സ്വന്തം തട്ടകത്തിൽ പാലസിന്റെ ആദ്യ ജയം കൂടിയാണ് ഇത്.
ഗോൾ രഹിതം ആയിരുന്ന ആദ്യ പകുതിയിൽ വോൾവ്സ് ചെറിയ മുൻതൂക്കം നേടി. എന്നാൽ നീക്കങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. തുടക്കത്തിൽ കുഞ്ഞയുടെയും സിൽവയുടെയും ഷോട്ടുകൾ ഫലം കണ്ടില്ല. പന്ത് കൈവശം വെച്ച് നീക്കങ്ങൾ മേനഞ്ഞെടുക്കാൻ വോൾവ്സ് ശ്രമിച്ചപ്പോൾ കൗണ്ടർ നീക്കങ്ങൾക്ക് ആയിരുന്നു വോൾവ്സ് പ്രാധാന്യം നൽകിയത്. 14ആം മിനിറ്റിൽ എസെയെ ഗോമസ് വീഴ്ത്തിയതിന് ക്രിസ്റ്റൽ പാലസ് താരങ്ങൾ പെനാൽറ്റിക്ക് വേണ്ടി മുറവിളി കൂട്ടിയെങ്കിലും റഫറിയും വാറും അനുകൂലമായ തീരുമാനം എടുത്തില്ല. തൊട്ടു പിറകെ വോൾവ്സ് കീപ്പർ സായുടെ പിഴവിൽ നിന്നും ക്രിസ്റ്റൽ പാലസ് ഗോളിന് അടുതെത്തി. ഡോസന് കൈമാറിയ പാസ് റാഞ്ചിയയെടുത്ത ലെർമ, ബോക്സിനുള്ളിൽ ആയുവിന് പന്ത് കൈമാറി. താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും പറന്നെത്തിയ കിൽമാൻ ഗോൾ ലൈൻ സേവുമായി ടീമിന്റെ രക്ഷക്കെത്തി. ഇതോടെ ക്രിസ്റ്റൽ പാലസ് മത്സരത്തിൽ കൂടുതൽ ശക്തിയോടെ തിരിച്ചു വന്നു.
ആദ്യ പകുതിയിലെ ക്ഷീണം തീർത്ത് ഇരു ടീമുകളും രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തി. 56ആം മിനിറ്റിൽ ഇടത് വിങ്ങിൽ മിച്ചൽ തൊടുത്ത ക്രോസിൽ നിന്നും എഡ്വെർഡ് വല കുലുക്കിയതോടെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. 65ആം മിനിറ്റിൽ ഹ്വാങ് സ്‌കോർ നില തുല്യമാക്കി. നെറ്റോയുടെ ഫ്രീകിക്കിൽ നിന്നും ഹെഡർ ഉതിർത്താണ് താരം വല കുലുക്കിയത്. ആയുവിന്റെ മികച്ചൊരു ഷോട്ട് ജോസെ സാ രക്ഷപ്പെടുത്തി. എസെയുടെ ഷോട്ടും കീപ്പർ തടുത്തു. എന്നാൽ 78ആം മിനിറ്റിൽ എസെ ഗോൾ വല കുലുക്കുക തന്നെ ചെയ്തു. മറ്റെറ്റയുടെ പാസിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്. തിരിച്ചു വരാനുള്ള വോൾവ്സിന്റെ അവസാന പ്രതീക്ഷകളും കെടുത്തി കൊണ്ട് എഡ്വെർഡ് വീണ്ടും വല കുലുക്കി. 84ആം മിനിറ്റിൽ മറ്റേറ്റയുമായി ചേർന്ന് നടത്തിയ നീക്കത്തിനോടുവിൽ ബോക്സിനുള്ളിൽ നിന്നും താരം എതിർ താരങ്ങൾക്കിടയിലൂടെ ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് നെറ്റോയുടെ ഷോട്ട് പാലസ് കീപ്പർ ജോൺസ്റ്റോൺ സേവ് ചെയ്തു. എസെയുടെ ഷോട്ട് സായും രക്ഷപ്പെടുത്തി. മത്സരത്തിന്റെ അവസാന മിനിറ്റിൽ നെറ്റോയുടെ ക്രോസിൽ നിന്നും കുഞ്ഞ ഹെഡർ ഉതിർത്ത് വല കുലുക്കിയെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു.