കൊറോണ വീണ്ടും ഫുട്ബോളിന് ഭീഷണിയാകുന്നു. ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൽ എട്ട് കളിക്കാരും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊറോണ പോസിറ്റീവ് ആയതായും കൂടുതൽ സ്ഥിരീകരിച്ച കേസുകൾ പ്രതീക്ഷിക്കുന്നതായും ടോട്ടൻഹാം മാനേജർ അന്റോണിയോ കോണ്ടെ ബുധനാഴ്ച പറഞ്ഞു. വ്യാഴാഴ്ച റെന്നസിനെതിരെ നിർണായകമായ യൂറോപ്പ കോൺഫറൻസ് ലീഗ് ഗെയിം സ്പർസ് കളിക്കാനുണ്ട്. അതിനു മുമ്പ് ആണ് ഈ കൊറോണ വാർത്ത. എന്നാൽ മത്സരം ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്ന് യുവേഫ അറിയിച്ചു.
ഞായറാഴ്ച ബ്രൈറ്റണിൽ നടക്കുന്ന സ്പർസിന്റെ പ്രീമിയർ ലീഗ് മത്സരം മാറ്റിവയ്ക്കാൻ ക്ലബ് ആവശ്യപ്പെടും. “എല്ലാ ദിവസവും ഞങ്ങൾക്ക് COVID പുതിയ കേസുകൾ വരുന്നു. ഇതൊരു നല്ല സാഹചര്യമല്ല” കോണ്ടെ പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയിലും നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.