വാട്ട്ഫോഡിലും ജയം, സിറ്റി മുന്നിൽ തന്നെ

- Advertisement -

കളിക്കാർ ഏറെ മാറിയിട്ടും സിറ്റിയുടെ കളി മാറിയില്ല. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വാട്ട്ഫോഡിനെ 2-1 ന് മറികടന്ന് ലീഗ് ടോപ്പിലെ സ്ഥാനം ഈ ആഴ്ച്ചയും ഉറപ്പിച്ചു. ലീറോയ്‌ സാനെ, റിയാദ് മഹ്‌റസ് എന്നിവരാണ് ഗോളുകൾ നേടിയത്.

ഈ സീസണിൽ മിന്നും ഫോമിലുള്ള റഹീം സ്റ്റെർലിങ്, ലപോർട്ട് എന്നിവരെയും പരിക്കേറ്റ അഗ്യൂറോയേയും പുറത്തിരുത്തിയാണ് ഗാർഡിയോള ടീമിനെ ഇറക്കിയത്. മത്സര തുടക്കത്തിൽ വാട്ട്ഫോർഡ് മികച്ച രീതിയിൽ പ്രതിരോധിച്ചതോടെ സിറ്റി അവസരങ്ങൾ സൃഷ്ടിക്കാൻ കഷ്ടപ്പെട്ടു. ഇതിനിടെ ട്രോയ് ഡീനിക്ക് വാട്ട്ഫോഡിനെ മുന്നിൽ എത്തിക്കാൻ അവസരം ലഭിച്ചെങ്കിലും എഡേഴ്സന്റെ സേവ് രക്ഷക്കത്തി. നാൽപതാം മിനുട്ടിൽ മഹ്‌റസിന്റെ പാസിൽ നിന്ന് സാനെയാണ് സിറ്റി ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ പക്ഷെ സിറ്റി വ്യക്തമായ ആധിപത്യം പുലർത്തി. 51 ആം മിനുട്ടിൽ മഹ്‌റസ് അവരുടെ ലീഡും ഉയർത്തി. 81 ആം മിനുട്ടിൽ ഡീകോറെ വാട്ട്ഫോഡിന്റെ ഏക ഗോൾ നേടി. 15 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 41 പോയിന്റാണ് ഉള്ളത്. 20 പോയിന്റുള്ള വാട്ട്ഫോർഡ് 11 ആം സ്ഥാനത്താണ്.

Advertisement