ഇത്തിഹാദ് സ്റ്റേഡിയത്തിൽ വില്ലയെ അനായാസം മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. എതിരില്ലാത്ത 3 ഗോളിനാണ് സിറ്റി വില്ലയെ മറികടന്നത്. ജയത്തോടെ സിറ്റിക്ക് 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് ആയി. ഒരു മത്സരം കുറവ് കളിച്ച ലിവർപൂളിന് കേവലം 3 പോയിന്റ് മാത്രം പിറകിലാണ് അവർ.
അഗ്യൂറോക്ക് പകരം ജിസൂസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പെപ്പ് സിറ്റിയെ ഇറക്കിയത്. ആദ്യ പകുതിയിൽ സിറ്റി ആക്രമണത്തെ നന്നായി പ്രതിരോധിക്കാൻ വില്ലക്ക് സാധിച്ചു. എങ്കിലും ജിസൂസിനും സിൽവക്കും ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതോടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സിറ്റി ലീഡ് സ്വന്തമാക്കി. 46 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. പിന്നീട് ജിസൂസിന് വീണ്ടും ഒരവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് വലയിൽ ആകാനായില്ല. പിന്നീട് 65, 70 മിനുട്ടുകളിൽ കെവിൻ ഡു ബ്രെയ്‌നയും, ഗുണ്ടകനും ഗോൾ നേടിയതോടെ സിറ്റി മത്സരം കൈപ്പിടിയിൽ ഒതുക്കി. ജയം ഉറപ്പാക്കിയ സിറ്റി അഞ്ജലിനൊ, ഫോടൻ എന്നിവർക്ക് അവസരം നൽകി. പക്ഷെ പിന്നീടും കാര്യമായി ഒന്നും ചെയ്യാൻ വില്ല ആക്രമണ നിരക്ക് സാധിച്ചില്ല. പക്ഷെ കളി തീരാൻ 4 മിനുട്ട് ബാക്കി നിൽക്കേ അനാവശ്യ ഫൗളിന് മുതിർന്ന ഫെർണാണ്ടിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി.