മാഞ്ചസ്റ്ററിൽ ചെന്ന് സിറ്റിയെ വരിഞ്ഞുകെട്ടി സതാമ്പ്ടൺ

20210918 213316

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ. ഇന്ന് സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിൽ നടന്ന മത്സരത്തിൽ സിറ്റി അറ്റാക്കിനെ അനങ്ങാൻ വിടാതെ ആക്കിയാണ് സതാമ്പ്ടൺ ഗോൾ രഹിത സമനില സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. അത്രക്ക് മികച്ച പ്രതിരോധമായിരുന്നു സതാമ്പ്ടൺ നടത്തിയത്. ഇടക്കിടെ കൗണ്ടറുകളിലൂടെ സിറ്റി ഡിഫൻസിനെ പരീക്ഷിക്കാനും അവർക്ക് ആയി.

രണ്ടാം പകുതിയിൽ സതാമ്പ്ടൺ ഒരു പെനാൾട്ടിയും ഒപ്പം സിറ്റി ഡിഫൻഡർ വാൾക്കറിന് ഒരു ചുവപ്പു കാർഡും ലഭിച്ചതായിരുന്നു. എന്നാൽ വാർ പരിശോധനക്ക് ശേഷം റഫറി വിവാദപരമായ ഒരു തീരുമാനം എടുക്കുകയും പെനാൾട്ടിയും ചുവപ്പ് കാർഡും റദ്ദാക്കുകയും ചെയ്തു. ആ തീരുമാനത്തിൽ സതാമ്പ്ടൺ തളർന്നില്ല. കളിയുടെ അവസാന നിമിഷം സിറ്റി സ്റ്റെർലിംഗിലൂടെ വലകുലുക്കി ആഘോഷിക്കാൻ പോയെങ്കിൽ അപ്പോൾ ഓഫ്സൈഡ് ഫ്ലാഗ് വില്ലനായി. സതാമ്പ്ടന്റെ അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ നാലാം സമനില ആണിത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും അവർ സമനിലയിൽ തളച്ചിരുന്നു. അഞ്ചു മത്സരങ്ങളിൽ 10 പോയിന്റാണ് സിറ്റിക്ക് ഉള്ളത്.

Previous articleക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂളിന് അനായാസ ജയം
Next articleവീണ്ടും വലിയ പരാജയവുമായി നോർവിച് സിറ്റി