പെനാൾട്ടി ബോക്സിനുള്ളിൽ പ്രീമിയർ ലീഗിൽ ഇപ്പോൾ തന്നേക്കാൾ മികച്ച കളിക്കാരൻ ആരുമില്ല എന്ന് അഗ്വേറോ ആവർത്തിച്ച് പ്രഖ്യാപിച്ച ദിവസമായിരുന്നു ഇന്ന്. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ അതിനിർണായകമായ പോരാട്ടത്തിൽ ആഴ്സണലിനെ മാഞ്ചസ്റ്റർ സിറ്റി വലിച്ചു കീറി എന്ന് തന്നെ പറയാം. അഗ്വേറോയുടെ ഹാട്രിക്കിന്റെ മികവിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
ഇന്ന് പരാജയപ്പെട്ടാൽ കിരീട പോരാട്ടത്തിൽ തങ്ങളില്ലാ എന്ന് പറഞ്ഞായിരുന്നു പെപ് ആഴ്സണലിനെതിരെ ഇറങ്ങിയത്. കളി തുടങ്ങി 45ആം സെക്കൻഡിൽ തന്നെ അഗ്വേറോ ആഴ്സണൽ വലയിൽ പന്തെത്തിച്ചു. ലപോർടെയുടെ ക്രോസിൽ നിന്നായിരുന്നു ഒരു പോചറിന്റെ ഫിനിഷിലൂടെ അഗ്വേറൊ സിറ്റിയെ മുന്നിൽ എത്തിച്ചത്.
ഉടൻ തന്നെ പ്രതികരിച്ച് ഒരു കൊഷാൽനി ഗോളിലൂടെ സിറ്റിക്ക് ഒപ്പം എത്താൻ ആഴ്സണലിനായി. പക്ഷെ അത് വെറു ആശ്വാസം മാത്രമായിരുന്നു. ആദ്യ പകുതി തീരും മുമ്പ് തന്നെ അഗ്വേറോ ആ ലീഡ് തിരികെ പിടിച്ചു. ഒരു മനോഹര നീക്കത്തിലൂടെ ആയിരുന്നു അഗ്വേറോയുടെ ആ രണ്ടാം ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ആഴ്സ്ണൽ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. 61ആം മിനുട്ടിൽ അഗ്വേറൊ തന്റെ ഹാട്രിക്കു തികച്ചു. ആ ഗോൾ സിറ്റിയുടെ ജയവും ഉറപ്പിച്ചു.
ഇന്നത്തെ വിജയത്തോടെ സിറ്റി ലിവർപൂളിന് രണ്ട് പോയന്റ് മാത്രം പിറകിൽ എത്തി. ഈ തോൽവി ആഴ്സണലിനെ ആറാം സ്ഥാനത്തേക്ക് എത്തിക്കുകയുൻ ചെയ്തു.