അലോൺസോ രക്ഷകനായി, ജയത്തോടെ ആദ്യ നാലിലെത്തി ചെൽസി

പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടർന്ന് ചെൽസി. സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലംപാർഡ് ലീഗിൽ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. ജയത്തോടെ 17 പോയിന്റുള്ള ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മാർക്കോസ് ആലോൻസോ നേടിയ ഗോളാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്.

പരിക്കേറ്റ കാന്റക്ക് പകരം റോസ് ബാർക്ലിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ലംപാർഡ് ചെൽസിയെ ഇറക്കിയത്. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ചെൽസി കഷ്ടപ്പെട്ടു. യൂണൈറ്റഡിനെതിരെ പരീക്ഷിച്ച കൗണ്ടർ അറ്റാക്കിങ് ശൈലി ന്യൂകാസിൽ ഇന്നും തുടർന്നപ്പോൾ ചെൽസിക്ക് ആദ്യ പകുതിയിൽ മൗണ്ടിന്റെ ഒരു ഷോട്ട് മാത്രമാണ് ഗോളിലേക്ക് പായിക്കാനായത്. അത് ഗോളി തടുക്കുകയും ചെയ്തതോടെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. ആദ്യ പകുതിക്ക് പിരിയും മുൻപ് പരിക്കേറ്റ ബാർക്ലിക്ക് പകരം കൊവാചിച് ഇറങ്ങുകയും ചെയ്തു.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. അബ്രഹാമിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. കളി ഒരു മണിക്കൂർ പിന്നിട്ടതോടെ മൗണ്ടിന് പകരം പുലിസിക് ചെൽസിക്കായി ഇറങ്ങി. കളിയുടെ 73 ആം മിനുട്ടിൽ ചെൽസി ന്യൂകാസിൽ പ്രതിരോധം തകർത്തു. ഓഡോയിയുടെ പാസിൽ നിന്ന് മാർക്കോസ് ആലോൻസോ ആണ് ഗോൾ നേടിയത്. പിന്നീടുള്ള സമയം മികച്ച പ്രതിരോധം തീർത്ത ചെൽസി സീസണിലെ രണ്ടാം ക്ലീൻ ഷീറ്റ് നേട്ടവും 3 പോയിന്റും സ്വന്തം പേരിലാക്കി.

Previous articleടീമിനൊപ്പം ചേരാൻ വൈകി, സാഞ്ചോക്ക് സസ്‌പെൻഷൻ
Next article3 ഗോളിന് പിറകിൽ നിന്ന ശേഷം അറ്റലാന്റയ്ക്ക് എതിരെ ലാസിയോയുടെ തിരിച്ചുവരവ്