പതറി പിന്നെ പൊരുതി, അവസാന നിമിഷം സമനില നേടി ചെൽസി

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

പണം ഏറെ മുടക്കിയിട്ടും ടീമിൽ ഇനിയും കാര്യങ്ങൾ മെച്ചപ്പെടാൻ ഉണ്ടെന്ന് ചെൽസിക്ക് മനസ്സിലായ ദിവസത്തിൽ വെസ്റ്റ് ബ്രോമിന് എതിരെ അവർക്ക് സമനില. ഇരു ടീമുകളും 3 ഗോളുകൾ നേടിയ മത്സരത്തിൽ രണ്ടാം പകുതിയിൽ നടത്തിയ അവിശ്വസനീയ തിരിച്ചു വരവാണ് ലംപാർഡിന് ഒരു പോയിന്റ് സമ്മാനിച്ചത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ സമനിലയാകുന്ന ആദ്യത്തെ കളിയാണ് ഇത്.

തിയാഗോ സിൽവയെ ക്യാപ്റ്റൻ ആക്കി ഇറക്കിയ ചെൽസിക്ക് ആദ്യ അര മണിക്കൂറിൽ തൊട്ടത് എല്ലാം പിഴകുന്ന കാഴ്ചയാണ് കണ്ടത്. അര മണിക്കൂറിന് ഉള്ളിൽ തന്നെ 3 ഗോളുകളാണ്‌ ചെൽസി വാങ്ങിയത്. കെപ്പ മാറി കാബയേറോ വന്നെങ്കിലും ചെൽസി ഗോൾ വാങ്ങുന്നതിൽ ഒരു കുറവും വന്നില്ല. നാലാം മിനുട്ടിൽ കാലം റോബിൻസനിലൂടെ ചെൽസി വല കുലുക്കിയ വെസ്റ്റ് ബ്രോം പിന്നീട് 25 ആം മിനുട്ടിൽ തിയാഗോ സിൽവ വരുത്തിയ വൻ പിഴവിൽ നിന്ന് വീണ്ടും ഗോൾ വാങ്ങി. ഇത്തവണയും റോബിൻസൻ തന്നെയാണ് ഗോൾ നേടിയത്. ഏറെ വൈകാതെ കോർണറിൽ നിന്ന് ബർട്ലി 27 ആം മിനുട്ടിൽ സ്കോർ 3-0 ആക്കി ഉയർത്തി.

രണ്ടാം പകുതിയിൽ ആലോൻസോ, കോവാച്ചിച് എന്നിവരെ പിൻവലിച്ച ലംപാർഡ് ആസ്പിലിക്വറ്റ, കാലം ഹഡ്സൻ ഓഡോയി എന്നിവറെ ഇറക്കി. ഇത് ഫലം ചെയ്തു. 55 ആം മിനുട്ടിൽ മൗണ്ടിന്റെ കിടിലൻ ഗോളിൽ ഒരു ഗോൾ മടക്കിയ ചെൽസി 70 ആം മിനുട്ടിൽ ഓഡോയിയിലൂടെ സ്കോർ 3-2 ആക്കി അവസാന 20 മിനുട്ട് അവേശമാക്കി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ടാമി അബ്രഹാം നേടിയ ഗോളിലാണ് ചെൽസി സ്കോർ 3-3 ആക്കി മാറ്റി ഒരു പോയിന്റ് സ്വന്തമാക്കിയത്.