ഹാമ്പർഗ് ഓപ്പൺ ഫൈനലിൽ സ്റ്റിസ്റ്റിപാസ് റൂബ്ലേവിനെ നേരിടും

Rublev

എ. ടി. പി 500 മാസ്റ്റേഴ്സ് ഹാമ്പർഗ് ഓപ്പൺ ഫൈനലിൽ രണ്ടാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് അഞ്ചാം സീഡ് ആന്ദ്ര റൂബ്ലേവിനെ നേരിടും. സീഡ് ചെയ്യാത്ത ക്രിസ്ത്യൻ ഗാരിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു ആണ് സ്റ്റിസ്റ്റിപാസ് ജർമ്മനിയിലെ കളിമണ്ണ് കോർട്ടിൽ ഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റ് 7-5 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ പരിക്കിനെ തുടർന്ന് ഗാരിൻ വൈദ്യസഹായം തേടിയ മൂന്നാം സെറ്റ് 6-4 നു സ്വന്തമാക്കിയ സ്റ്റിസ്റ്റിപാസ് ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 12 ഏസുകൾ ആണ് സ്റ്റിസ്റ്റിപാസ് ഉതിർത്തത്.

Hamburgopen

അതേസമയം സീഡ് ചെയ്യാത്ത നോർവീജിയൻ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് തകർത്തത്. മത്സരത്തിൽ നല്ല ആധിപത്യം പുലർത്തിയ റൂബ്ലേവ് എതിരാളിയെ 5 തവണയാണ് ബ്രൈക്ക് ചെയ്തത്. 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു അഞ്ചാം സീഡിന്റെ ജയം. ഫ്രഞ്ച് ഓപ്പണിന് മുമ്പ് കിരീടം നേടിയ ആത്മവിശ്വാസം കൈവരിക്കാൻ ആവും ഇരു താരങ്ങളും നാളെ ഫൈനൽ കളിക്കാൻ ഇറങ്ങുക.

Previous articleറഷ്യൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനായി ഹാമിൾട്ടൻ
Next articleപതറി പിന്നെ പൊരുതി, അവസാന നിമിഷം സമനില നേടി ചെൽസി