പ്രീമിയർ ലീഗിൽ ചെൽസിയയുടെ വിജയക്കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബേൺമൗത്തിനെ ചെൽസി പരാജയപ്പെടുത്തിയത്. പെഡ്രോയും ഹസാർഡുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി.
മുൻ നാപോളി പരിശീലകനായ മൗറിസിയോ സാരി ചുമതലയേറ്റെടുത്തതിന് ശേഷം തുടർച്ചയായ നാലാം ജയമാണ് ചെൽസിക്ക് ലഭിച്ചത്. പകരക്കാരനായിറങ്ങിയ പെഡ്രോയിലൂടെയായിരുന്നു എഴുപത്തി രണ്ടാം മിനുട്ടിൽ ചെൽസിയുടെ ആദ്യ ഗോൾ. പകരക്കാരനായിട്ടിറങ്ങിയ മറ്റൊരു താരം ജിറൂഡിന്റെ സഹായത്തോടെ ചെൽസി ആദ്യ ഗോൾ നേടി.
ഏറെ വൈകാതെ ബെൽജിയൻ മജീഷ്യന്റെ വക ചെൽസിയുടെ വിജയഗോൾ പിറന്നു. ബേൺമൗത്ത് പ്രതിരോധത്തിന് ഹസാർഡിനെ തടയാനുള്ള ശക്തിയുണ്ടായിരുന്നില്ല, എൺപത്തിയഞ്ചാം മിനുട്ടിൽ ചെൽസി ലീഡുയർത്തി. ഈ വിജയത്തോടു കൂടി പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് ചെൽസി.