ചെൽസി പ്രതിരോധ താരം ഡേവിഡ് ലൂയിസിന് പുതിയ കരാർ നൽകാനൊരുങ്ങി ചെൽസി. പുതിയ കരാറുമായി ബന്ധപ്പെട്ട് താരം ചെൽസി മാനേജ്‌മെന്റുമായി ചർച്ചകൾ തുടങ്ങിയതായി പരിശീലകൻ മൗറിസിയോ സാരിയാണ് അറിയിച്ചത്. ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ 32കാരനായ ഡേവിഡ് ലൂയിസിന്റെ കരാർ അവസാനിക്കും. 30 വയസ്സിൽ കൂടുതൽ പ്രായം ഉള്ളവർക്ക് ചെൽസി ഇതുവരെ ഒരു വർഷത്തെ കരാർ മാത്രമാണ് നൽകി വരുന്നത്. അത് കൊണ്ട് ലൂയിസിനും ഒരു വർഷത്തെ കരാർ തന്നെയാവും ചെൽസി നൽകുക.
2016ലാണ് ഡേവിഡ് ലൂയിസ് രണ്ടാമതും ചെൽസിയിലേക്ക് തിരിച്ചെത്തുന്നത്. തുടർന്ന് ലൂയിസ് അന്റോണിയോ കൊണ്ടേക്ക് കീഴിൽ പ്രീമിയർ ലീഗ് കിരീടവും ഉയർത്തിയിരുന്നു. ട്രാൻസ്ഫർ വിലക്ക് നേരിടുന്ന ചെൽസിക്ക് ഡേവിഡ് ലൂയിസിന് പുതിയ കരാർ നൽകേണ്ടത് ആവിശ്യമാണ്. അതെ സമയം ഈ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഗാരി കാഹിലിന് ചെൽസി പുതിയ കരാർ നൽകിയേക്കില്ല. കഴിഞ്ഞ നവംബറിന് ശേഷം ചെൽസിക്ക് വേണ്ടി കളിക്കാൻ കാഹിലിന് അവസരം ലഭിച്ചിട്ടില്ല.