ലീഗിൽ രണ്ടാമത്തെ മികച്ച പ്രതിരോധം, പക്ഷെ ഗോളടി മറന്ന് ചെൽസി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച രണ്ടാമത്തെ പ്രതിരോധം ഉണ്ടായിട്ടും ചെൽസി നാലാമത് എങ്ങിനെ ആയി എന്നതിന് ഒരൊറ്റ ഉത്തരമേ ഒള്ളൂ. മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം. ആൽവാരോ മൊറാത്തയും ജിറൂദും ഗോളുകൾ കണ്ടെത്താൻ വിഷമിച്ചതോടെയാണ് ചെൽസിയുടെ ഗോളുകൾ കുറഞ്ഞത്.

ഈ സീസണിൽ ഇതുവരെ ചെൽസി ആകെ വഴങ്ങിയത് കേവലം 16 ഗോളുകൾ മാത്രമാണ്. 10 ഗോളുകൾ മാത്രം വഴങ്ങിയ ലിവർപൂളിന് പിറകിലായി ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ചെൽസി. പക്ഷെ ലിവർപൂളും, സിറ്റിയും , സ്പർസും, ആഴ്സണലും 40 ന് മുകളിൽ ഗോളുകൾ നേടിയപ്പോൾ ചെൽസിക്ക് ഇതുവരെ നേടാനായത് 38 ഗോളുകൾ മാത്രമാണ്. നല്ലൊരു ഫിനിഷർ ഉണ്ടായിരുന്നെങ്കിൽ ഈ സീസണിൽ കിരീട പോരാട്ടത്തിൽ ചെൽസിയും ഉണ്ടാവുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഇത്.

ഗോളുകൾക്ക് ഈഡൻ ഹസാർഡിനെ ഏറെ ആശ്രയിക്കുന്നു എന്നതാണ് ചെൽസി നേരിടുന്ന പ്രധാന പ്രശ്നം. ഏറെ വില കൊടുത്ത് എത്തിച്ച മൊറാത്ത പ്രീമിയർ ലീഗിന്റെ വേഗതക്കും കരുത്തിനും മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിഷമിക്കുന്നു. ജിറൂദ് മൊറാത്തയേക്കാൾ ബേധപെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും അത് ഗോളാക്കി മറ്റാനാവുന്നില്ല. ഹസാർഡിനൊപ്പം വിങ്ങിൽ കളിക്കുന്ന വില്ലിയൻ ആകട്ടെ ഗോളുകൾ കൊണ്ടോ അസിസ്റ്റുകൾ കൊണ്ടോ കാര്യപ്പെട്ട സംഭാവനകൾ നൽകുന്നുമില്ല. നിർണായക മത്സരങ്ങളിൽ കാന്റെ നേടിയ ഗോളുകളാണ് ചെൽസിയെ രക്ഷിച്ചത്. ഈ സീസണിൽ വില്ലിയനേക്കാൾ കാന്റക്ക് ഗോളുകൾ ഉണ്ടെന്നത് തന്നെ ചെൽസി ആക്രമണ നിരയുടെ പരിതാപകരമായ അവസ്ഥ സൂചിപ്പിക്കുന്ന ഒന്നാണ്.

ലീഗിൽ ചെൽസിക്ക് പിറകിലായി അഞ്ചും ആറും സ്ഥാനത്ത് നിൽക്കുന്ന ആഴ്സണലും മാഞ്ചസ്റ്റർ യൂണൈറ്റഡും നിരന്തരം രണ്ടും അതിലധികവും ഗോളുകൾ നേടി പോയിന്റുകൾ നേടുമ്പോൾ ചെൽസിയുടെ നാലാം സ്ഥാനത്തിനും ഭീഷണിയുണ്ട്. സ്ഥിരത ഇല്ലാതെ വിഷമിക്കുന്ന സ്‌ട്രൈക്കർക്ക് പകരം ചെൽസി ഈ മാസം തന്നെ പുതിയ സ്‌ട്രൈക്കറെ തേടുന്നുണ്ട്. മികച്ച ഒരു താരം വന്ന് കൂടുതൽ ഗോളുകൾ സംഭാവനകൾ ചെയ്തില്ലെങ്കിൽ അടുത്ത ചാമ്പ്യൻസ് ലീഗിലും നീല പട ഉണ്ടാവില്ല എന്നുറപ്പാണ്.