കഴിഞ്ഞ ദിവസം ബേൺലിക്കെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നടന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട ചെൽസി പരിശീലകൻ മൗറിസിയോ സാരിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഉണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് റഫറി സാരിയെ ഗാലറിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. മത്സരം ശേഷവും ചെൽസി താരങ്ങളും ബേൺലി കോച്ചിങ് സ്റ്റാഫുകളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
സാരിക്കെതിരെയുള്ള നടപടികൾക്കെതിരെ പ്രതികരിക്കാൻ ചെൽസി പരിശീലകൻ വെള്ളിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. മത്സരത്തിനിടെ ചെൽസി പരിശീലകനെതിരെ മോശം പരാമർശം നടത്തിയെന്ന പേരിൽ ചെൽസി ബേൺലിക്കെതിരെ വേറെ പരാതിയും നൽകിയിട്ടുണ്ട്. മത്സരത്തിൽ ചെൽസി ബേൺലിയോട് 2-2 എന്ന സ്കോറിന് സമനില വഴങ്ങിയിരുന്നു. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ഇതോടെ ചെൽസിക്ക് നഷ്ടമായത്.