പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ പിഴയിട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഏകദേശം 23 ലക്ഷം രൂപ വീതമാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഇരു ടീമുകൾക്കും പിഴയിട്ടത്. ചെൽസിയുടെ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ലെസ്റ്റർ സിറ്റി താരം റിക്കാർഡോ പെരേര ചെൽസി താരം ബെൻ ചിൽവെല്ലിനെ ഫൗൾ ചെയ്തതിനെ തുടർന്നാണ് ഇരു ടീമിലെയും താരങ്ങൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇരു ടീമിലെയും ഒട്ടുമിക്ക താരങ്ങളും ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് ഇരു ടീമുകളും തങ്ങളുടെ താരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഫുട്ബോൾ അസോസിയേഷൻ പറഞ്ഞിരുന്നു. തുടർന്നാണ് ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയയേഷൻ ഇരു ടീമുകൾക്കും പിഴയിട്ടത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വളരെയധികം നിർണായകമായ ഈ മത്സരത്തിൽ ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ മത്സരത്തിന് മൂന്ന് ദിവസം മുൻപ് മാത്രം നടന്ന എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം കൂടിയിരുന്നു.













