ചെൽസിക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെൽസിക്ക് വമ്പൻ തിരിച്ചടി. അടുത്ത ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കുന്ന ചെൽസി നിരയിൽ മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പ്രതിരോധ താരം ബെൻ ചിൽവെല്ലും കളിക്കുന്ന കാര്യം സംശയത്തിൽ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരായ മത്സരത്തിനിടയിലാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് എൻഗോളോ കാന്റെ കളം വിട്ടിരുന്നു. തുടർന്ന് റൂബൻ ലോഫ്റ്റസ് ചീക് ആണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൻ ചിൽവെല്ലിന് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ താരത്തെ ചെൽസി മെഡിക്കൽ സംഘമാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. ഇന്ന് നടക്കുന്ന സ്കാനിംഗിന് ശേഷം മാത്രമാവും ഇരു താരങ്ങളുടെയും പരിക്കിന്റെ വ്യാപ്തി വ്യക്തമാവുക.