വിജയ വഴിയിൽ തിരിച്ചെത്താൻ ചെൽസി ഇന്ന് ലീഡ്‌സിനെതിരെ

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നഷ്ട്ടപെട്ട ചെൽസി ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ലീഡ്സ് യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ ആഴ്ച്ച വെസ്റ്റ്ഹാമിനോട് തോറ്റ ചെൽസി ചാമ്പ്യൻസ് ലീഗിൽ സെനിതിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ചെൽസി ലീഡ്സിനെതിരെ ജയിച്ച് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വെല്ലുവിളി സൃഷ്ടിക്കാനാവും ശ്രമിക്കുക. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിറകിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. ഈ സീസണിൽ മികച്ച പ്രതിരോധത്തിന് പേരുകേട്ട ചെൽസി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മാത്രം 6 ഗോളുകൾ വഴങ്ങിയത് പരിശീലകൻ തോമസ് ടൂഹലിന് തലവേദന സൃഷ്ട്ടിക്കും.

അതെ സമയം താരങ്ങളുടെ പരിക്കാണ് ചെൽസിക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ തിരിച്ചടിയായത്. മിഡ്ഫീൽഡർമാരായ എൻഗോളോ കാന്റെ, കോവസിച്ച്, പ്രതിരോധ താരങ്ങളായ ബെൻ ചിൽവെൽ, ചാലോബ എന്നിവരെല്ലാം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. അതെ സമയം പരിക്ക് അലട്ടുന്നുണ്ടെങ്കിലും ജോർഗീനോ ഇന്നത്തെ മത്സരം കളിക്കുമെന്ന് തോമസ് ടൂഹൽ വ്യക്തമാക്കിയിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡ് നിരയിലും പരിക്ക് വില്ലനാണ്. കാൽവിൻ ഫിലിപ്സ്, ലിയാം കൂപ്പർ, റോഡ്രിഗോ, പാട്രിക് ബാംഫോർഡ് എന്നിവരെല്ലാം പരിക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ്.