രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞു കുളിച്ച ചെൽസിക്ക് സമനില. ഷെഫീൽഡ് യുനൈറ്റഡിനോട് 2-2 ന്റെ സമനിലയാണ് ചെൽസി വഴങ്ങിയത്. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തിയാണ് ഷെഫീൽഡ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ നിന്ന് പോയിന്റുമായി മടങ്ങിയത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആദ്യ ജയത്തിനായി ലംപാർഡിന് ഇനിയും കാത്തിരിക്കണം.
ക്രിസ്റ്റിയൻസന് പകരം തിമോറിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ലംപാർഡ് ഇന്ന് ചെൽസിയെ ഇറക്കിയത്. പതിവിന് വിപരീതമായി പതുക്കെയാണ് ചെൽസി ഇന്ന് ആക്രമണം തുടങ്ങിയത്. ആദ്യ ഗോൾ അവർ പത്തൊൻപതാം മിനുട്ടിലാണ് നേടിയത്. ഷെഫീൽഡ് ഗോളി വരുത്തിയ വൻ പിഴവ് മുതലാക്കി കഴിഞ്ഞ മത്സരത്തിലെ ചെൽസി ഹീറോ ടാമി അബ്രഹാം ആണ് ഗോൾ നേടിയത്. പിന്നീട് 43 ആം മിനുട്ടിൽ വീണ്ടും വല കുലുക്കി അബ്രഹാം ചെൽസിയെ ആദ്യ പകുതിക്ക് പിരിയും മുൻപ് മികച്ച നിലയിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ ഗോൾ വഴങ്ങുന്ന പതിവ് ചെൽസി ഇന്നും ആവർത്തിച്ചു. ഇത്തവണ 46 ആം മിനുട്ടിൽ കാലം റോബിൻസൻ ആണ് ചെൽസി വല കുലുക്കിയത്. പിന്നീട് 60 ആം മിനുട്ടിൽ റോസ് ബാർക്ലിക്ക് പകരം ലംപാർഡ് വില്ലിയനെ ഇറക്കി. പിന്നീടും അബ്രഹാമിന്റെ മികച്ചൊരു ഷോട്ട് ഷെഫീൽഡ് ഗോളി ഹെൻഡേഴ്സൻ തടുത്തത് ചെൽസിക്ക് നിർഭാഗ്യമായി. 89 ആം മിനുട്ടിൽ ചെൽസിയെ നിരാശരാക്കി ഷെഫീൽഡ് സമനില ഗോൾ നേടി. സൂമയുടെ സെൽഫ് ഗോളാണ് ഷെഫീൽഡിന്റെ രക്ഷക്ക് എത്തിയത്.