ട്രാൻസ്ഫർ ബാൻ പിൻവലിക്കപ്പെട്ടതിന് പിന്നാലെ ഫിഫക്ക് എതിരെ അതി രൂക്ഷ വിമർശനവുമായി ചെൽസി. ഇന്ന് ഉച്ചയോടെയാണ് കോർട്ട് ഓഫ് ആർബിട്രേഷൻ ചെൽസിക്ക് ഫിഫ നൽകിയ 2 ട്രാൻസ്ഫർ വിൻഡോ വിലക്ക് പിൻവലിച്ചത്. ഇതോടെ ചെൽസിക്ക് ജനുവരിയിൽ കളിക്കാരെ വാങ്ങാൻ സാധിക്കും എന്നും വ്യക്തമായിരുന്നു.
ഇന്ന് ചെൽസി പുറപ്പെടുവിച്ച പ്രസ്താവനയിൽ ആണ് ഫിഫക്ക് നേരെ അതി രൂക്ഷ വിമർശനങ്ങൾ ഉള്ളത്. സമാന കുറ്റം ചെയ്ത മാഞ്ചസ്റ്റർ സിറ്റിയോട് ഫിഫ സ്വീകരിച്ച അനുകൂല നിലപാടുകൾ ചെൽസിക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നും ഫിഫ കണ്ടെത്തിയ തെറ്റുകളിൽ പലതും മറ്റു പല ക്ലബ്ബ്കളും സാധാരണ ചെയ്യുന്നത് മാത്രമാണ് എന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രായപൂർത്തി ആകാത്ത കളിക്കാരെ സൈൻ ചെയ്തതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ ആണ് ഫിഫ ഈ വർഷം ആദ്യം ചെൽസിക്ക് വിലക്കും വൻ തുക പിഴയും വിധിച്ചത്. എന്നാൽ ചെൽസി കോടതിയിൽ പോകുകയായിരുന്നു. നേരത്തെ ഒരു ട്രാൻസ്ഫർ വിൻഡോ വിലക്ക് ചെൽസി അനുഭവിച്ചതിനാൽ കോടതി ഉത്തരവ് 1 വിൻഡോ വിലക്ക് ആയതിനാൽ ജനുവരിയിൽ കളിക്കാരെ വാങ്ങാൻ ചെൽസിക്ക് സാധിക്കും.