ചെൽസി ക്ലബ് വിൽക്കാൻ തീരുമാനിച്ചു എന്ന് റോമൻ, ചെൽസിയുടെ നല്ലകാലം അവസാനിക്കുമോ എന്ന ഭീതിയിൽ ആരാധകർ

റഷ്യയുടെ ഉക്രൈൻ അധിനിവേശം ചെൽസിയെ പ്രതിസന്ധിയിലാക്കുകയാണ്. നേരത്തെ പ്രതിഷേധവും നടപടികളും ഭയന്ന് ചെൽസി ഭരണം തൽക്കാലം ചാരിറ്റി ഫൗണ്ടേഷനെ ഏൽപ്പിച്ച ചെൽസി ഉടമ റോമൻ അബ്രഹമോവിച് താൻ ക്ലബ് വിൽക്കാൻ തീരുമാനിച്ചു എന്ന് അറിയിച്ചു.

ചെൽസി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അബ്രമോവിച്ച് പറഞ്ഞു: “ചെൽസി എഫ്‌സിയുടെ എന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ വന്ന ഊഹാപോഹങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. “ഞാൻ മുമ്പ് പറഞ്ഞതുപോലെ, ക്ലബ്ബിന്റെ ഏറ്റവും നല്ല താൽപ്പര്യം മനസ്സിൽ വെച്ചാണ് ഞാൻ എപ്പോഴും തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ, ക്ലബ്ബിന്റെയും ആരാധകരുടെയും ജീവനക്കാരുടെയും അതുപോലെ ക്ലബിന്റെ സ്പോൺസർമാരുടെയും പങ്കാളികളുടെയും ഏറ്റവും മികച്ച താൽപ്പര്യത്തിന് ഇത് കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നതിനാൽ, ക്ലബ് വിൽക്കാൻ ഞാൻ തീരുമാനിച്ചു.”

റോമൻ ചെൽസിയിലെത്തിയ ശേഷം അവർ രണ്ട് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 19 കിരീടങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കൻ വ്യവസായികൾ ആണ് ചെൽസി വാങ്ങാനിപ്പോൾ രംഗത്തുള്ളത്.