ഗോളടിച്ച് വെർണർ, വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് ചെൽസി

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി മത്സരിക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവി കൂടിയാണ്. കഴിഞ്ഞ ദിവസം ന്യൂ കാസിൽ യൂണൈറ്റഡിനോടും വെസ്റ്റ്ഹാം തോറ്റിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഗോളടിക്കാൻ പാടുപെടുന്ന ടിമോ വെർണറുടെ ഗോളിലാണ് ഇന്നത്തെ മത്സരത്തിൽ ചെൽസി ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വെസ്റ്റ്ഹാം താരം ബൽബൊയിന ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെസ്റ്റ്ഹാം മത്സരം പൂർത്തിയാക്കിയത്. ചെൽസി പ്രതിരോധ താരം ചിൽവെല്ലിനെ ഫൗൾ ചെയ്തതിനാണ് റഫറി വെസ്റ്റ്ഹാം താരത്തിന് ചുവപ്പ്‌കാർഡ് കാണിച്ചത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് വെസ്റ്റ്ഹാം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ജയത്തോടെ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് സ്വന്തമാക്കാൻ ചെൽസിക്കായി. നിലവിൽ ചെൽസിക്ക് നാലാം സ്ഥാനത്ത് 58 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിന് 55 പോയിന്റുമാണ് ഉള്ളത്.