ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ലെസ്റ്റർ സിറ്റിക്ക് എതിരെ ജയം പിടിച്ചെടുത്തു ചെൽസി. തങ്ങളുടെ പോരാട്ടവീര്യം തെളിയിച്ച ചെൽസി ലീഡ്സിന് എതിരായ നാണക്കേടിന്റെ കടം ലെസ്റ്റർ സിറ്റിയോട് വീട്ടി. ആദ്യ പകുതിയിൽ 28 മത്തെ മിനിറ്റിൽ തന്നെ രണ്ടാം മഞ്ഞ കാർഡ് മേടിച്ചു കോണർ ഗാലഗർ ചുവപ്പ് കാർഡ് കണ്ടതോടെ ചെൽസി പ്രതിരോധത്തിലായി. 10 പേരായിട്ടും പൊരുതാൻ ഉറച്ച ചെൽസിയെ ആണ് രണ്ടാം പകുതിയിൽ കണ്ടത്.
രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ മാർക് കുകറെല്ലയുടെ പാസിൽ നിന്നു റഹീം സ്റ്റെർലിങ് ചെൽസിക്ക് ആദ്യ ഗോൾ സമ്മാനിച്ചു. സ്റ്റെർലിങിന്റെ ഷോട്ട് ലെസ്റ്റർ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോൾ ആയപ്പോൾ താരം ക്ലബിന് ആയി ആദ്യ ഗോൾ കുറിച്ചു. തുടർന്ന് സ്റ്റെർലിങിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുന്നതും കാണാൻ ആയി. പന്ത് ലെസ്റ്റർ കൈവശം വച്ച സമയത്തും ചെൽസി പ്രത്യാക്രമണത്തിൽ അവസരങ്ങൾ സൃഷ്ടിച്ചു.
63 മത്തെ മിനിറ്റിൽ റീസ് ജെയിംസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ സ്റ്റെർലിങ് ചെൽസിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. മൂന്നു മിനിറ്റിനുള്ളിൽ വാർഡിയുടെ പാസിൽ നിന്നു ഹാർവി ബാർൺസ് ഗോൾ നേടിയതോടെ മത്സരത്തിന് ആവേശകരമായ അന്ത്യം ആണ് ലഭിച്ചത്. പകരക്കാരെ ഇറക്കി ഒരാൾ അധികമുള്ള ലെസ്റ്റർ സിറ്റി തുടരെ ആക്രമണങ്ങൾ നടത്തി. ഇടക്ക് ജെയ്മി വാർഡി അവസരവും സൃഷ്ടിച്ചു. എന്നാൽ പിടിച്ചു നിന്നു ചെൽസി പ്രതിരോധം ബ്രിഡ്ജിൽ ജയം തങ്ങളുടേത് ആക്കുക ആയിരുന്നു. ലീഡ്സിന് എതിരായ നാണക്കേട് മാറ്റുന്ന പ്രകടനം ആണ് പത്ത് പേരായിട്ടും ചെൽസി ഇന്ന് പുറത്ത് എടുത്തത്.