നതാൻ ആക്കെയും ആയി ചെൽസി വ്യക്തിപരമായ കരാറിൽ എത്തി

റൂഡിഗർ, ക്രിസ്റ്റിയൻസൻ അടക്കമുള്ള പ്രതിരോധ താരങ്ങൾ ടീം വിട്ടതിനാൽ പകരക്കാരെ തേടുന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റിയുടെ ഡച്ച് താരം നതാൻ ആക്കെയും ആയി ചെൽസി വ്യക്തിപരമായ കരാറിൽ എത്തിയത് ആയി വാർത്ത. ചെൽസിയുടെ അക്കാദമി താരം കൂടിയായ ആകെ ചെൽസിക്ക് ആയി 2012 ൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ശേഷം വാട്ഫോർഡ് അടക്കമുള്ള ക്ലബുകളിൽ ലോണിൽ കളിച്ച ശേഷമാണ് ബോർൺമൗത്തിൽ താരം സ്ഥിര കരാറിൽ എത്തുന്നത്. തുടർന്ന് താരം 2020 തിൽ മാഞ്ചസ്റ്റർ സിറ്റിയിലും എത്തി.

ഗാർഡിയോളയുടെ ടീമിന് ആയി നാൽപ്പതിൽ അധികം മത്സരങ്ങൾ കളിച്ച 27 കാരനായ ആക്കെ സിറ്റിയിൽ ആദ്യ പതിനൊന്നിലെ ഇടത്തിനു ആയി ഡിയാസ്, ലാപോർട്ടെ, സ്റ്റോൺസ് എന്നിവരിൽ നിന്നൊക്കെ വലിയ പോരാട്ടം ആണ് നേരിടുന്നത്. അതിനാൽ തന്നെ പഴയ ക്ലബ്ബിലേക്ക് താരം മടങ്ങിപ്പോവും എന്നു നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. നിലവിൽ ആക്കെയും ചെൽസിയും ആയുള്ള ചർച്ചകൾ അറിയുന്ന സിറ്റി താരത്തെ വിൽക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 40 മുതൽ 45 മില്യൺ വരെ ആക്കെക്ക് സിറ്റി വില മതിക്കുന്നുണ്ട്, അത്ര തുക ചെൽസി മുടക്കുമോ എന്നു കണ്ടറിയാം. ഡച്ച് താരം ക്ലബ് വിടുക ആണെങ്കിൽ സിറ്റി പകരക്കാരെ ടീമിൽ എത്തിക്കും.