ഗോൾ വേട്ട തുടർന്ന് ചെൽസി യുവ താരങ്ങൾ, സൗത്താംപ്ടനെതിരെ മികച്ച ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാങ്ക് ലംപാർഡിന് കീഴിൽ ചെൽസിയുടെ മികച്ച ഫോം തുടരുന്നു. എവേ മത്സരത്തിൽ സൗത്താംപ്ടനെ 1 ന് എതിരെ നാല് ഗോളുകൾക്ക് മറികടന്നാണ് ചെൽസി സീസണിൽ ആദ്യമായി തുടർച്ചയായ രണ്ടാം ലീഗ് മത്സരം ജയിച്ചത്. യുവ താരങ്ങളും സീനിയർ താരങ്ങളും ഒരേ പോലെ മികച്ച പ്രകടനം പുറത്തെടുത്തതാണ് ചെൽസിക്ക് തുണയായത്.ജയത്തോടെ 14 പോയിന്റുമായി ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി.

ഹഡ്സൻ ഓഡോയിക്ക് ആദ്യ ഇലവനിൽ സ്ഥാനം നൽകിയാണ് ലംപാർഡ് ഇന്ന് ടീമിനെ ഇറക്കിയത്. സൗത്താംപ്ടൻ മികച്ച തുടക്കം നേടിയെങ്കിലും ചെൽസി ആദ്യ പകുതിയിൽ തന്നെ ആധിപത്യം സ്ഥാപിച്ചു. 17 ആം മിനുട്ടിൽ അബ്രഹാമിന്റെ ഗോളിൽ ലീഡ് നേടിയ ചെൽസി 24 ആം മിനുട്ടിൽ മികച്ചൊരു നീക്കത്തിന് ഒടുവിൽ മൗണ്ടിലൂടെ ലീഡ് രണ്ടാക്കി. പക്ഷെ 30 ആം മിനുട്ടിൽ ചെൽസി ഗോൾ വഴങ്ങി. ഡാനി ഇങ്‌സ് ആണ് സൗത്താംപ്ടന്റെ ഗോൾ നേടിയത്. പക്ഷെ 40 ആം മിനുട്ടിൽ കാൻറെയുടെ ഷോട്ട് സൗത്താംപ്ടൻ താരത്തിന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചതോടെ ആദ്യ പകുതിയിൽ ചെൽസി 3-1 ന് മുന്നിൽ എത്തി.

രണ്ടാം പകുതിയിൽ വില്ലിയന്റെ മികച്ച പാസ്സ് ഓഡോയിക്ക് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സൈന്റ്‌സ് ഗോളി തട്ടിയകറ്റി. പിന്നീട് ചെൽസി ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ ആദ്യ പകുതിയിൽ പുലർത്തിയ കൃത്യത അവർക്ക് പുലർത്താനായില്ല. പക്ഷെ അവസാന 10 മിനുട്ടിൽ അബ്രഹാമിനെ മാറ്റി ബാത്ശുവായിയെ ഇറക്കിയ ലംപാർഡിന്റെ നീക്കം 90 ആം മിനുട്ടിൽ ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ പുലിസിക്കിന്റെ അസിസ്റ്റിൽ ബാത്ശുവായി ചെൽസിയുടെ നാലാം ഗോൾ പൂർത്തിയാക്കി ചെൽസി വിജയത്തിന് മാറ്റ് കൂട്ടി.