പ്രീമിയർ ലീഗിൽ ഈ സീസണിൽ ആദ്യ ഹോം ജയം എന്ന ചെൽസിയുടെ കാത്തിരിപ്പ് അവസാനിച്ചു. ബ്രയ്റ്റനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മറികടന്നാണ് ലംപാർഡ് തിരിച്ചു വരവിൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ 3 പോയിന്റ് സ്വന്തമാക്കിയത്. സീസണിലെ ആദ്യ ക്ളീൻ ഷീറ്റ് എന്ന കാത്തിരിപ്പിനും ഇന്നത്തെ മത്സരത്തിൽ അവസാനമായി. ജയത്തോടെ 7 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് ഉള്ള ചെൽസി ആറാം സ്ഥാനത്തെത്തി. 6 പോയിന്റ് ഉള്ള ബ്രയ്റ്റൻ 16 ആം സ്ഥാനത്താണ്.
ആദ്യ പകുതിയിൽ ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകൾ അവർക്ക് അർഹമായ ലീഡ് സമ്മാനികുന്നതിൽ നിന്ന് തടഞ്ഞു. ബാർക്ലി, പെഡ്രോ, ആലോൻസോ എന്നുവർക്കാണ് അവസരങ്ങൾ ലഭിച്ചത്. ബ്രയ്റ്റന് ഏതാനും ചെറിയ അവസരങ്ങൾ മാത്രമാണ് ആദ്യ പകുതിയിൽ ലഭിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി മത്സരത്തിൽ ലീഡ് നേടി. 50 ആം മിനുട്ടിൽ മൗണ്ടിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ ആണ് ചെൽസിയെ മുന്നിൽ എത്തിച്ചത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ പെഡ്രോയെ പിൻവലിച്ച് ലംപാർഡ് ഓഡോയിയെ ഇറക്കിയതോടെ ചെൽസി ആക്രമണത്തിന് മൂർച്ച കൂടി. 76 ആം മിനുട്ടിൽ ഓഡോയി നൽകിയ പാസ്സ് സ്വീകരിച്ചു വില്ലിയൻ ചെൽസിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീടും അബ്രഹാമിന്റെ ഷോട്ട് തടുത്ത് ഗോളി ബ്രയ്റ്റന്റെ രക്ഷക്ക് എത്തി.