വീണ്ടും പുലിസിക്കിന്റെ ഗോൾ, ഫോം തുടർന്ന് ലംപാർഡിന്റെ ചെൽസി

- Advertisement -

പ്രീമിയർ ലീഗിൽ ചെൽസിയുടെ മിന്നും ഫോം തുടരുന്നു. വാട്ട്ഫോഡിനെ 1-2 ന് മറികടന്ന അവർ തങ്ങളുടെ ടോപ്പ് 4 പോരാട്ടം ഒന്നുകൂടെ ബേധപെട്ട നിലയിലാക്കി. ടാമി അബ്രഹാം, പുലിസിക് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. ലീഗിൽ തുടർച്ചയായ അഞ്ചാമത്തെ ജയമാണ് ഇന്നവർ പൂർത്തിയാക്കിയത്. ലീഗ് കപ്പിൽ യുനൈറ്റഡിനോട് ഏറ്റ തോൽവിക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ജയിക്കാനായത് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായകമാകും.

കഴിഞ്ഞ ലീഗ് മത്സരത്തിലെ ഹാട്രിക് ഹീറോ പുലിസിക്കിനെ ടീമിൽ നില നിർത്തിയ ലംപാർഡ് ആലോൻസോക്ക് പകരം എമേഴ്സനെയും ടീമിൽ തിരികെ എത്തിച്ചു. കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ ചെൽസിയുടെ ലീഡ് ഗോൾ എത്തി. വാറ്റ്ഫോഡ് പ്രധിരോധ നിരയെ നിഷ്പ്രഭമാക്കി ജോർജിഞ്ഞോ നൽകിയ ലാസ് വലയിലാക്കി അബ്രഹാം ആണ് ഗോൾ നേടിയത്. ഈ സീസണിൽ പിറന്ന ഏറ്റവും മനോഹര അസിസ്റ്റിൽ ആണ് ഗോൾ പിറന്നത്. പിന്നീടും ആദ്യ പകുതിയിൽ ചെൽസിക്ക് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വാറ്റ്ഫോഡ് ഗോളി ഫോസ്റ്ററിന്റെ മികച്ച സേവുകൾ വിലങ്ങു നിന്നു.

രണ്ടാം പകുതിയും ചെൽസി തങ്ങളുടെ ആധിപത്യം തുടർന്നപ്പോൾ വാറ്റ്ഫോഡിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 55 ആം മിനുട്ടിൽ ചെൽസി ലീഡ് രണ്ടായി ഉയർത്തി. ഇത്തവണ അബ്രഹാമിന്റെ അസിസ്റ്റിൽ പുലിസിക് ആണ് ഗോൾ നേടിയത്. 2 കളികളിൽ നിന്ന് താരത്തിന്റെ 4 ആം ഗോൾ ആണ് ഇന്ന് പിറന്നത്. 78 ആം മിനുട്ടിൽ ജോർജിഞ്ഞോ ഡെലഫെയുവിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. VAR പരിശോധനയും തീരുമാനം ശെരി വച്ചതോടെ വാറ്റ്ഫോഡ് കിക്കെടുത്തത് ഡെലഫെയു തന്നെ. താരം അവസരം ഗോളാക്കി. സ്കോർ 2-1. പിന്നീട് ചെൽസി അൽപം പതറിയെങ്കിലും വിലപ്പെട്ട 3 പോയിന്റ് അവർ സ്വന്തമാക്കി.

Advertisement