സീസണിലെ ഏറ്റവും മോശം ഫോമിൽ നിൽകുന്ന ചെൽസി ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങും. ലീഗിൽ അവസാന സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനോട് ജയിക്കാനായില്ലെങ്കിൽ അത് ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേയുടെ ജോലിയെ തന്നെ ബാധിക്കും എന്ന് ഉറപ്പാണ്. തുടർച്ചയായ 2 തോൽവികൾ നീലപടയിൽ ഉണ്ടാക്കിയ ആത്മവിശ്വാസകുറവ് ഇന്നും തുടർന്നാൽ കാര്യങ്ങൾ അവർക്ക് കടുപ്പമാവും. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ചെൽസിക്ക് ഇന്ന് ജയിക്കാനായാൽ ആദ്യ നാലിലേക്ക് തിരിച്ചെത്താനാവും.
ചെൽസിയിൽ പരിക്ക് മാറി ഡിഫെണ്ടർ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ തിരിച്ചെത്തും. വില്ലിയനും കളിക്കാൻ സാധ്യതയുണ്ട്. മൊറാത്തയുടെ അഭാവത്തിൽ ഒലിവിയെ ജിറൂദ് ആദ്യ ഇലവനിൽ ആദ്യമായി ഇടം നേടിയേക്കും. കഴിഞ്ഞ മത്സരങ്ങളിൽ തീർത്തും നിറം മങ്ങിയ കാഹിൽ, ബകയോക്കോ, ഡേവിഡ് ലൂയിസ് എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും. വെസ്റ്റ് ബ്രോം നിരയിൽ ഗിബ്സ്, ലിവേർമോർ എന്നിവർ കളിക്കാൻ സാധ്യതയില്ല. ഇരുവർക്കും പരിക്കാണ്. മുൻ ചെൽസി താരം ഡാനിയേൽ സ്റ്ററിഡ്ജിനെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കുള്ള മടങ്ങി വരവ് കൂടിയാകും ഇന്നത്തെ മത്സരം.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial